മന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് മുക്തനായി; ഒരാഴ്ച നിരീക്ഷണത്തിൽ തുടരും

By Web TeamFirst Published Oct 3, 2020, 8:49 PM IST
Highlights

കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തു. ഇനി ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടിൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരും.

ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വി എസ് സുനിൽകുമാർ  നന്ദി അറിയിച്ചു. കഴിഞ്ഞ മാസം 23 നാണ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

സുനിൽകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

എന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ആയി. കഴിഞ്ഞ പതിനൊന്ന് ദിവസമാണ് ചികിത്സയിൽ കഴിയേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ക്യാൻ്റീൻ ജീവനക്കാർ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു. 

മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നൽകി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്. ഈ ദിവസങ്ങളിൽ ഫോണിൽ നേരിട്ട് വിളിച്ചും ഓഫീസിൽ വിളിച്ചുമെല്ലാം ഒരുപാട് ആളുകൾ രോഗവിവരങ്ങൾ അന്വേഷിക്കുകയും രോഗവിമുക്തിക്ക് വേണ്ടി ആത്മാർത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. 

ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഏഴുദിവസം കൂടി തിരുവനന്തപുരത്തെ വീട്ടിൽ തന്നെ കഴിയേണ്ടിവരും. അതു കഴിഞ്ഞാൽ പൂർവ്വാധികം ഊർജ്ജസ്വലമായി പ്രവർത്തനരംഗത്തേയ്ക്ക്  വരാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. 

എല്ലാവർക്കും നന്ദി, സ്നേഹം.

click me!