
തൃശ്ശൂര്‍: നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. ഉറക്കഗുളികകൾ കഴിച്ചാണ് ആത്മഹത്യാശ്രമം. രാമകൃഷ്ണന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കലാഭവൻ മണിയുടെ അച്ഛന്‍റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചാണ് ആര്‍എല്‍വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.
തലകറങ്ങി വീണ രാമകൃഷ്ണനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കഴിച്ച മരുന്ന് ഏതാണെന്ന് അറിഞ്ഞാൽ ചികിത്സക്ക് സഹായകമാകും എന്ന് ഡോ. അറിയിച്ചതിനെ തുടർന്ന് പൊലീസ് കലാഗ്രഹത്തിൽ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താൻ ആയില്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ താലൂക്ക് ആശുപത്രിയില ഡോക്ടര്മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ സുഹൃത്തുക്കളുടെ താല്‍പ്പര്യ പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
'രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. തന്നെപ്പോലെ പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാൾക്ക് അവസരം നൽകില്ല എന്ന ധാർഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോടും പ്രതികരിച്ചിരുന്നു.
Also Read: സംഗീത നാടക അക്കാദമി വിവാദം; ആർഎൽവി രാമകൃഷ്ണൻ്റെ ആരോപണം ദുരുദ്ദേശപരമെന്ന് കെപിഎസി ലളിത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam