
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ പ്രാൻസിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന. സെപ്റ്റംബർ 25 ന് വൈകുന്നേരം 4.30 ന് ആരംഭിച്ച പരിശോധന 26ന് പുലർച്ചെ വരെ നീണ്ടു.
45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ പരിശോധനയുടെ ഭാഗമായി ഇതുവരെ 29 ലക്ഷം പിരിച്ചെടുക്കാനും സാധിച്ചു. മാസംതോറും ഉള്ള റിട്ടേണുകൾ നിശ്ചിത സമയത്തു സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന ബാർ ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്.
ഈ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷത്തെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതിൽ നിന്ന് കൂടുതൽ നികുതി വെട്ടിപ്പ് പുറത്തു വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം നികുതി വെട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam