വെള്ളയാനയായി കുമരകം സര്‍ക്കാര്‍ റിസോര്‍ട്ട്; അറ്റകുറ്റപ്പണിയെന്ന പേരില്‍ വൻ ധൂർത്ത്

By Web TeamFirst Published Aug 25, 2019, 10:44 AM IST
Highlights

അറ്റകുറ്റപ്പണിയെന്ന പേരില്‍ സര്‍ക്കാര്‍ റിസോര്‍ട്ട് അടച്ചിട്ടിട്ട് രണ്ട് വര്‍ഷം. പന്ത്രണ്ട് കോടി ചെലവിട്ടിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുവരെയും ഒരു പണിയും പൂർത്തിയായില്ല.

കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള കുമരകത്തെ റിസോര്‍ട്ടില്‍ അറ്റകുറ്റപ്പണിയെന്ന പേരില്‍ വൻ ധൂർത്ത്. പന്ത്രണ്ട് കോടി ചെലവിട്ടിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുവരെയും ഒരു പണിയും പൂർത്തിയായില്ല. റിസോര്‍ട്ട് അടച്ച് ഇട്ടിരിക്കുന്നതിനാല്‍ കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിന് ഉണ്ടാകുന്നത്.

കുമരകത്തെ സ്വകാര്യ റിസോര്‍ട്ടുകളെ വെല്ലുന്നതായിരുന്നു സര്‍ക്കാരിന്‍റെ ഈ വാട്ടര്‍സ്കേപ്പ് റിസോര്‍ട്ട്. എന്നാല്, ഇന്ന് അതിന്‍റെ അവസ്ഥ അതി ദയനീയമാണ്. കോട്ടേജുകളെല്ലാം പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. പുതുതായി ഇറക്കിയ കമ്പിയും മറ്റും മഴ നനഞ്ഞ് തുരുമ്പെടുക്കുകയും കട്ടിലും മെത്തയും ചിതലെടുക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് സാധനങ്ങളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. മരങ്ങള്‍ എറെക്കുറെ മുറിച്ച് മാറ്റിയ അവസ്ഥയിലാണ്. 

അറ്റകുറ്റപ്പണിയെന്ന പേരിലുള്ള ഈ പൊളിച്ചടുക്കലിന് ഇതുവരെ 12 കോടി രൂപ ചെലവായി എന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. ആകെ ഇവിടെ പുതുതായി വന്നത് ഒരു റിസപ്ഷൻ സെന്‍റര്‍ മാത്രം. 2017 പണി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കരാറെടുത്തിരുന്ന തൃശ്ശൂരിലെ ലേബര്‍ സൊസൈറ്റി പിൻവാങ്ങി. ഉപകരാറുകാരൻ പണി തുടങ്ങിയെങ്കിലും ഇഴയുകയാണ്.

കുമരകത്ത് ആകെ 46 സ്വകാര്യ റിസോര്‍ട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. സ്വകാര്യ റിസോര്‍ട്ടുകള്‍ സഞ്ചാരികളെ ആകര്‍ഷിച്ച് നേട്ടം കൊയ്യുമ്പോള്‍ കുമരകത്തെ സര്‍ക്കാര്‍ റിസോര്‍ട്ട് നോക്ക് കുത്തിയായി തുടരുന്നു. ഒരു വര്‍ഷം എട്ട് മുതല്‍ 14 കോടി വരെയായിരുന്നു ഇവിടത്തെ വാര്‍ഷിക വിറ്റുവരവ്.

click me!