വെടിയുണ്ടയില്ലെങ്കിലും ഉന്നതരുണ്ട്, കേസിൽ അന്വേഷണം ഇഴയുന്നു: വീഴ്ചകളുടെ നീണ്ട നിര

By Web TeamFirst Published Feb 14, 2020, 3:30 PM IST
Highlights

വീഴ്ചകളുടെ നീണ്ട നിരയാണ് വെടിയുണ്ടകൾ കാണാതായ കേസിൽ ഉണ്ടായത്. 2019- ഏപ്രിൽ 3-നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. പത്ത് മാസമായി. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. 

തിരുവനന്തപുരം: സായുധസേനാക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. പതിനൊന്ന് പൊലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉള്ളത് ഗുരുതര പരാമർശങ്ങളാണ്. അതിനിടെ, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും കേസിൽ പ്രതിയാണെന്ന വിവരവും ഇന്ന് പുറത്തുവന്നു. എന്നിട്ടും റജിസ്റ്റർ സൂക്ഷിച്ച പൊലീസുകാരെ മാത്രം എഫ്ഐആറിൽ പ്രതികളാക്കി ഉന്നതരെ സംരക്ഷിക്കുകയാണ് പൊലീസെന്നാണ് ആരോപണം. എന്നാൽ കുറ്റം തെളിയുന്നത് വരെ തന്‍റെ ഗൺമാൻ സനിൽകുമാർ സ്റ്റാഫിൽ തുടരുമെന്നാണ് ഇതിനോട് കടകംപള്ളിയുടെ പ്രതികരണം. 

2019 ഏപ്രിൽ 3-നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽകുമാർ എഫ്ഐആറിലെ മൂന്നാം പ്രതിയാണ്. എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനും വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു.  വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതക്കുറവ് ഉണ്ടായെന്നും കണ്ടെത്തി.

Read more at: വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രിയുടെ ഗൺമാനും പ്രതി; അന്വേഷണം ഇഴയുന്നു

ജോലിയിലെ വീഴ്ച മൂലം സർക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ക്രൈം ബ്രാംഞ്ചിന് അന്വേഷണം കൈമാറി. പക്ഷെ അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല.

രജിസ്റ്റർ സൂക്ഷിക്കേണ്ട പൊലീസുകാർ മാത്രം എഫ്ഐആറിൽ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടില്ല. മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതികളായ കേസായത് കൊണ്ടുള്ള ഉന്നത ഇടപെടലും കേസിൽ സംശയിക്കാം. ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് വിവാവദമായതോടെ ഇപ്പോൾ ക്രൈം ബ്രാഞ്ച് ഉണർന്നു. അന്വേഷണം രണ്ട് മാസം കൊണ്ട് തീർക്കണമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ പുതിയ നിർദ്ദേശം.

Read more at: വെടിയുണ്ട വിവാദം: കുറ്റം തെളിയുന്നത് വരെ ഗണ്‍മാന്‍ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി കടകംപളളി

click me!