കുട്ടിയുടെ മരണത്തിൽ ദുരൂഹതയെന്ന് പഞ്ചായത്തംഗം; പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Feb 28, 2020, 9:13 AM IST
Highlights

20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പഞ്ചായത്ത് അംഗം ഉഷ. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ഉഷ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍  ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.

20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. 

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്. 

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.

click me!