പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ, ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ് സംഗമമായ ഹഡില്‍ ഗ്ലോബലിൽ വെച്ച് ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചു. എഐ, മെഡിടെക്, റോബോട്ടിക്സ് ഉൾപ്പെടെ 12 വിഭാഗങ്ങളിലാണ് ആശയങ്ങൾക്ക് അവസരമൊരുക്കുന്നത്

തിരുവനന്തപുരം: ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ആശയങ്ങൾ നിങ്ങളുടെ കൈവശമുണ്ടോ? എങ്കിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്എച്ച്എൽഎൽ ലൈഫ് കെയറിന്റെ കൂടെ പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാംപതിപ്പിലാണ് എച്ച്എൽഎൽ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നത്. കോവളം ലീല റാവീസിൽ ആണ് ത്രിദിന സംഗമം നടക്കുന്നത്.

എഐ സഹായത്തോടെ പ്രശ്നങ്ങൾ കണ്ടെത്തുക, വ്യവസായിക ഓട്ടോമേഷൻ & റോബോട്ടിക്സ്, ഐഒടി, സ്മാർട്ട്‌ യൂട്ടീലിറ്റി മോണിറ്ററിങ് & എനർജി മാനേജ്മെന്റ്, എഐ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ക്ലിനിക്കൽ റിസർച്ച് ടെക്നോളജി സ്മാർട്ട് ഡയഗ്നോസ്റ്റിക്, മെഡിടെക് ഉപകരണങ്ങൾ, മെറ്റീരിയൽസ് എഞ്ചിനീയറിംഗ് & പ്രോഡക്റ്റ് ഇന്നവഷൻ തുടങ്ങി 12 വിഭാഗങ്ങളിലേക്കാണ് എച്ച്എൽഎൽ ആശയങ്ങൾ ക്ഷണിച്ചിരിക്കുന്നത്. ഹഡിൽ ഗ്ലോബൽ 2025ന്റെ ഹെൽത്ത്‌ ടെക് പാർട്ണർ ആണ് എച്ച്എൽഎൽ. ഇതിന്റെ ഭാഗമായി ഒരു സ്റ്റാളും ഒരുക്കിയിട്ടുണ്ട്. എച്ച്എച്ച്എൽഎൽ ലൈഫ് കെയറിന്റെ വിവിധ ഉത്പന്നങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ മിനിരത്ന കമ്പനി ആണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. ആശുപത്രി ഉപകരണങ്ങൾ, ബ്ലഡ്‌ ബാഗ്, മൂഡ്സ് കോണ്ടം, ആർത്തവ കപ്പുകൾ, തുടങ്ങി 70ൽ അധികം ഉത്പന്നങ്ങൾ എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിന് പുറമെ അമൃത് ഫാർമസി, ഹിന്ദ്ലാബ്സ് തുടങ്ങിയ സംരംഭങ്ങളിലൂടെ ചെലവ് കുറഞ്ഞ ചികിത്സാ സൗകര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നു.