Health Dept. File Missing: ആരോഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം; കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്

By Web TeamFirst Published Jan 8, 2022, 9:29 AM IST
Highlights

വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ കാണാതായത്. കൊവിഡ് കാല കൊള്ളയിലെ സമഗ്ര അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെ ആണ് ഫയൽ കടത്തിലും ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക്. 

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ (Health Department) നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്. ഇതു സംബന്ധിച്ച്  കന്റോൺമെന്റ് പൊലീസ് (Cantonment Police) ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി.  500 ലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടില്ല.

വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ കാണാതായത്. കൊവിഡ് കാല കൊള്ളയിലെ സമഗ്ര അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെ ആണ് ഫയൽ കടത്തിലും ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക്. 

കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട്; ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിങ് അന്വേഷിക്കും

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ കോവിഡ് കാല പർച്ചേസ് കൊള്ളയിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ.  വൻ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം  ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനെ ഏൽപ്പിക്കാനാണ് തീരുമാനം. വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തത് കുറ്റക്കാരെ രക്ഷിക്കാനാണെന്ന ആക്ഷേപമാണ് ബലപ്പെടുന്നത്.  

മഹാമാരിയുടെ മറവിൽ നടന്ന വൻ പർച്ചേസ് തട്ടിപ്പാണ് , കൊവിഡ് കൊള്ളയെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ പരമ്പരയിലൂടെ പുറത്തുവന്നത്. 550 രൂപയ്ക്ക് കിട്ടുമായിരുന്നിട്ടും  മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ, പർച്ചേസ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് തെർമൽ സ്കാനർ, എ.സി, ഫ്രിഡ്ജ് അടക്കം ഉപകരണങ്ങളുടെ പർച്ചേസുകൾ, വാങ്ങിയതിൽ പലതും കടലാസ് കമ്പനികൾ.   ക്രമക്കേട് പകൽ പോലെ വ്യക്തമായതോടെ അന്നുതന്നെ വിജിലൻസ് അന്വേഷണമെന്ന ആവശ്യമുയർന്നെങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ മടിച്ചു.   ഒടുവിലാണ് ഏറെവൈകി  ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനെ അന്വേഷണമേൽപ്പിക്കുന്നത്.   പർച്ചേസിൽ ക്രമക്കേടെന്ന് ആരോപണമുയർന്ന എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നാണ്  ആരോഗ്യവകുപ്പ് പറയുന്നത്. 

ഇടപാടുകളിൽ സർക്കാരിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥ ഇടപെടൽ, നടപടികളിലെ വീഴ്ച്ച  എന്നിവക്കപ്പുറം പോകാൻ ധനകാര്യവകുപ്പ് അന്വേഷണത്തിനാകുമോയെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിലെ  പ്രധാന പ്രശ്നം.  മൂന്നിരട്ടി വിലയ്ക്ക്  കെ.എം.എസ്.സി.എൽ പിപിഇ കിറ്റുകൾ വാങ്ങിയ സാൻഫാർമ കമ്പനി ആരാണ്, പുറത്തുനിന്ന് ഇടപെട്ടതാരൊക്കെ,  ഫയലുകൾ മായ്ച്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടൽ, കടലാസ് കമ്പനികൾക്ക് പിന്നിലാര് എന്നീ ഗൗരവമുള്ള ചോദ്യങ്ങൾ നിലനിൽക്കെയാണ്  ഇൻസ്പെക്ഷൻ വിങ്ങിന്റെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഒളിച്ചുകളി. 

മന്ത്രിയുടെ നിർദേശം വരെ ധിക്കരിച്ച് വൻതുകയ്ക്ക് ഗ്ലൗസുകൾ ഇറക്കുമതി നടത്തിയ ഉദ്യോഗസ്ഥരുടെ ഇടപെടൽ സർക്കാരിന് തന്നെ ബോധ്യമുണ്ടായിരിക്കെയാണ്  വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തോട്  സർക്കാർ മുഖംതിരിക്കുന്നത് എന്നതും ശ്രദ്ധേയം. മന്ത്രിയുടെ വരെ നിർദേശം അട്ടിമറിച്ച   ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ പുറത്തുവരുന്നത് നിർണായകമാണ്.

click me!