ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം; പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി

By Web TeamFirst Published Jan 29, 2022, 6:29 PM IST
Highlights

ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും  കൊല്ലം സ്വദേശി ടോം തോമസിന്റെയും  അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കോഴിക്കോട്:  വെള്ളിമാടുകുന്ന് (Vellimadkunnu) ചിൽഡ്രൻസ് ഹോമിൽ (Childrens Home)  നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ്  ചേവായൂർ സ്റ്റേഷൻ നിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും  കൊല്ലം സ്വദേശി ടോം തോമസിന്റെയും  അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്. 

ചിൽഡ്രൻസ് ഹോമിൽ മാനസിക പീഡനം അനുഭവിച്ചിരുന്നതായും കുട്ടികൾ പൊലീസിനോട് പറഞ്ഞു. ഗോവക്ക് പോകാനായിരുന്നു പദ്ധതി. ഇനി തിരികെ ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ താല്പര്യം ഇല്ലെന്നു കുട്ടികൾ പൊലീസിനെ അറിയിച്ചു. ഒരാളുടെ രക്ഷിതാവ് മകളെ വീടിലേക്ക് കൊണ്ടു പോകാൻ സന്നദ്ധത അറിയിച്ചു. കുട്ടികൾക്കു സാമ്പത്തിക സഹായം നൽകിയ എടക്കര സ്വദേശിയായ യുവാവിനെ ഉടൻ ചോദ്യം ചെയ്യും.കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്ത് കടന്നത് മറ്റാരുടെയെങ്കിലും പ്രേരണയിലാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.

 

 

click me!