
തിരുവനന്തപുരം: ഒമ്പത് വർഷമായി തിരയുന്ന മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് അച്ഛന്‍ സി സുന്ദരേശനും അമ്മ ബി എസ് മണിയും. വർഷങ്ങൾക്ക് ഇപ്പുറം മകനെ വീഡിയോ കോളിലൂടെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഈ കുടുംബം. മുൻ തിരുവനന്തപുരം നഗരസഭ വാർഡ് കൗൺസിലർ ഐ പി ബിനുവും, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഇൻസ്പെക്ടറും ആർ. പ്രശാന്ത് എന്നിവരുടെ ഇടപെടലിലൂടെയാണ് ഒമ്പത് വര്‍ഷം മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ സഹായിച്ചത്.
ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ എസ് പ്രവീൺ (34) ആണ് ഒമ്പത് വർഷത്തെ അജ്ഞാത വാസത്തിന് ശേഷം വീഡിയോ കോളിലൂടെ മാതാപിതാക്കൾക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഐ പി ബിനുവിന് പ്രവാസികളായ കനിൽദാസിന്‍റെയും മുജീബിന്‍റെയും ഫോൺ വിളി എത്തുന്നത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഒരു പ്രവീൺ 10 വർഷമായി വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതെ വിദേശത്ത് അകപ്പെട്ടിരിക്കുകയാണെന്ന് ഇവര്‍ അറിയിച്ചു. വിസയുടെയും പാസ്പോർട്ടിന്‍റെയും കാലാവധി കഴിഞ്ഞ പ്രവീൺ ജോലിയൊന്നും ഇല്ലാതെ വളരെ മോശം അവസ്ഥയിലാണെന്നായിരുന്നു ഇവര്‍ കൈമാറിയ വിവരം. വീട്ടുകാരെ കണ്ടെത്തി പ്രവീണിനെ തിരികെ നാട്ടിൽ എത്തിക്കണമെന്നും ഇവര്‍ അറിയിച്ചു.
തുടര്‍ന്ന് ബിനു സുഹൃത്തും ആര്യനാട്ടുകാരനുമായ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റും ഇൻസ്പെക്ടറുമായ പ്രശാന്തിനെ വിവര അറിയിച്ചു. തുടർന്ന് വിദേശത്ത് നിന്ന് വിളിച്ചവർക്ക് പ്രശാന്തിന്‍റെ നമ്പര്‍ കൈമാറി. ഇവർ നൽകിയ പാസ്സ്പോർട്ട് വിവരങ്ങൾ വെച്ച് പ്രശാന്ത് പ്രവീണിന്‍റെ വീട് കണ്ടെത്തി വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഐ പി ബിനു അറിയിച്ചതനുസരിച്ച് സിപിഎം ആര്യനാട് ബ്രാഞ്ച് സെക്രട്ടറി അഡ്വ. അജേഷും സ്ഥലത്തെത്തി.
നാട്ടിൽ പെയിന്‍റിങ്ങ് ജോലിയായിരുന്ന പ്രവീണിന്. പിന്നീട് കാറ്ററിങ് ജോലിക്കായാണ് ഒൻപത് കൊല്ലം മുമ്പ് പ്രവീണ്‍ അബുദാബിയിലേക്ക് പോയത്. അവിടെയെത്തി രണ്ട് വർഷത്തോളം വീട്ടുകാരുമായി പ്രവീൺ ബന്ധപ്പെടുമായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെ കമ്പനിയിൽ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പ്രവീണിനെ കുറിച്ച് ഒരു വിവരവും ലഭിക്കാതെയായി. തുടര്‍ന്ന് പ്രവീണിന്‍റെ അച്ഛന്‍ സുന്ദരേശനും അമ്മ മണിയും സഹോദരിമാരായ പ്രിയയും പ്രിയങ്കയും അടങ്ങിയ കുടുംബം പിന്നീട് പ്രവീണിനെ കണ്ടെത്തായി പല ശ്രമങ്ങളും നോക്കിയെങ്കിലും ഫലം കണ്ടില്ല. ഡൽഹിയിലെ എംബസി വഴിയും മലയാളി അസോസിയേഷൻ വഴിയുമൊക്കെ പല തവണ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. പ്രവീണിനെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ മുതല്‍ മകനെ കാണാനുള്ള ആകാംഷയിലായിരുന്നു കുടുംബം. തുടര്‍ന്ന് പ്രശാന്ത് വീഡിയോകോളില്‍ ഗള്‍ഫിലുള്ള സുഹൃത്തുക്കളെ വിളിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള അച്ഛനുമമ്മയും മകനെ കണ്ടപ്പോള്‍ എന്തുപറയണമെന്നറിയാതെ കരയുകയായിരുന്നു. പ്രവീണിനെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ പി ബിനു പറഞ്ഞു.