
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും കുടുംബവും. ചെങ്കുത്തായ പ്രദേശത്ത് കൂടി കുട്ടിക്ക് ഒറ്റയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം പോകാൻ കഴിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയമാണ് ഇവർ ഉന്നയിക്കുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തടിക്കാട് സ്വദേശികളായ അൻസാരി ഫാത്തിമ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്രാനെ കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. 12 മണിക്കൂറത്തെ തെരച്ചിലിനൊടുവിൽ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ ഏഴരയോടെ കണ്ടെത്തിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിന് ഒരു കിലോമീറ്ററോളം ദൂരം ചെങ്കുത്തായ പ്രദേശത്ത് കൂടി കുട്ടിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല എന്നാണ് നാട്ടുകാരും കുടുംബവും പറയുന്നത്. കുട്ടിയെ കണ്ടെത്തിയ പ്രദേശത്തടക്കം രാത്രിയിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ കുട്ടി നിന്നതിന്റെ യാതൊരു സൂചനകളും ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ പരാതി ഗൗരവകരമായി പരിശോധിക്കാനാണ് അഞ്ചൽ പൊലീസിന്റെ തീരുമാനം. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫ്രാന് മറ്റാരോഗ്യ പ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ അറിയിച്ചു.