
കല്‍പ്പറ്റ: പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിൽ തണ്ണീര്‍ കൊമ്പൻ കര്‍ണാടകയിലെത്തി. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും.
ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ഇന്നലെ രാത്രി തന്നെ ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദൗത്യത്തിനായി മാനന്തവാടിയിലെ ജനങ്ങളെല്ലാം നന്നായി സഹകരിച്ചുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.തണ്ണീര്‍ കൊമ്പനെ ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്. ആനയുടെ പരിക്ക്, ശാരീരികഅവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. അതിന് ശേഷംതുറന്നു വിടുന്നതിൽ തീരുമാനം എടുക്കുമെന്ന് ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ പറഞ്ഞു. അതേസമയം,കൊമ്പൻ കൂട്ടിലായെങ്കിലും വയനാട്ടുകാരുടെ ആശങ്ക പൂർണമായി ഒഴിഞ്ഞിട്ടില്ല. കടുവയും കരടിയും ആനയും അടിക്കടി നാടിറങ്ങുന്നതിൽ ശാശ്വത പരിഹാരം എന്തെന്നാണ് വയനാട്ടുകാരുടെ ചോദ്യം.
തണ്ണീർ കൊമ്പൻ ദൗത്യം വിജയം, ആനയെ ലോറിയിൽ കയറ്റി, രാമപുരത്തെ ക്യാമ്പിലേക്ക് മാറ്റുന്നു