
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ രോഗം ഇല്ലാത്തയാളെ കൊവിഡ് കെയർ സെന്‍ററില്‍ പ്രവേശിപ്പിച്ചതായി പരാതി. ഉള്ളന്നൂർ സ്വദേശി രാജുവിനെയാണ് കൊവിഡ് പോസീറ്റാവായെന്ന പേരിൽ രണ്ട് ദിവസം ചികിത്സിച്ചത്. സംഭവം ആർടിപിസിആർ ഫലം ക്രോഡീകരിച്ചതിലുണ്ടായ സാങ്കേതിക പിഴവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
രോഗബാധിതരുടെ എണ്ണം കൂടിയ വട്ടമുകുടി മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട പരിശോധനയിലാണ് രാജുവിന്റെയും സ്രവം ശേഖരിച്ചത്. 15ാം തിയതിയാണ് മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടന്നത്. 16 ന് വൈകീട്ട് ഫലം വന്നു. ഇതില്‍ രാജു കൊവിഡ് പോസീറ്റീവ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന രാജു ചികിത്സ കേന്ദ്രത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചതോടെ രാത്രി തന്നെ ഇലവുതിട്ടയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ആശ വർക്കർ വിളിച്ച് പിഴവ് സംഭവിച്ചു പോയെന്നും കൊവിഡ് പോസിറ്റീവല്ലെന്നും രാജുവിനെ അറിയിക്കുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് പോകാൻ നിർദ്ദേശം നൽകി. രണ്ട് ദിവസം കൊവിഡ് ബാധിതർക്കൊപ്പം കഴിഞ്ഞതിനാൽ വീട്ടിൽ ക്വാറന്റീനില്‍ കഴിയുകയാണ് രാജു ഇപ്പോൾ.
സമാനമായ മറ്റൊരു സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. 15 ന് പരിശോധന നടത്തിയ മെഴുവേലി സ്വദേശി വി കെ തമ്പിയുടെ പരിശോധന ഫലവും ആദ്യം പോസിറ്റീവെന്നും പിന്നെ നെഗറ്റീവെന്നും അറിയിച്ചു. ഒന്നിലധികം പരാതികൾ ഉയർന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. നിരീക്ഷണത്തിൽ കഴിയുന്ന രാജുവിന് ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam