പള്ളിത്തർക്കം: 52 പള്ളികൾക്ക് മുന്നിൽ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്ന്

By Web TeamFirst Published Dec 6, 2020, 7:19 AM IST
Highlights

ഡിസംബര്‍ 13-ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ  പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്താനാണ് സഭയുടെ തീരുമാനം.

കൊച്ചി: പള്ളിത്തർക്കത്തിൽ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതൽ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികൾക്ക് മുന്നിലാണ് ഇന്നു രാവിലെ 9 മണി മുതൽ റിലേ സത്യാഗ്രഹം തുടങ്ങുന്നത്.

ഡിസംബര്‍ 13-ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ  പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്താനാണ് സഭയുടെ തീരുമാനം. എന്നാല്‍ ആരാധനക്ക് യാക്കോബായ വിഭാഗം പള്ളികളില്‍ കയറുന്നതിൽ എതിര്‍പ്പില്ലെന്നും പക്ഷെ യാക്കോബായ വൈദികരെ പ്രവേശിപ്പിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ നിലപാട്.

പള്ളിത്തർക്കം പരിഹരിക്കാൻ സർക്കാർ നടത്തിയ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതും കോതമംഗലം പള്ളി വിഷയത്തിൽ ഓർത്തഡോക്സ് വിഭാഗം വിട്ടു വീഴ്ചക്ക് തയ്യാറാകാതെ വന്നതുമാണ് സമരം ശക്തമാക്കാൻ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്. വിശ്വാസികളെ പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും യാക്കോബായ വൈദികരെ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.

നിയമത്തിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് സമ്മതിച്ചവർ ഇപ്പോൾ പുതിയ നിയമം വേണമെന്നാവശ്യപ്പെടുന്നത് ശരിയല്ലെന്നും ഓർത്തഡോക്സ് വിഭാഗം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം വീണ്ടും ശക്തമാകുന്നത് സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മലങ്കര സഭയുടെ ഭൂരിപക്ഷ മേഖലകളില്‍  പള്ളി തര്‍ക്കം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നതും മുന്നണികള്‍ക്ക് തലവേദനയാണ്.

click me!