'തെറിയിൽ തടുക്കാൻ കഴിയില്ല, മുനയുള്ള ചോദ്യങ്ങളെ'; റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എം കെ മുനീർ

By Web TeamFirst Published Jan 24, 2022, 9:38 PM IST
Highlights

ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള തെറിയഭിഷേക-ബുള്ളിയിങ് സീമാതിർത്തികൾ ലംഘിക്കുന്നതാണെന്ന് മുനീർ ചൂണ്ടികാട്ടി

മലപ്പുറം: കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയുമായി ബന്ധപ്പെട്ട് പ്രശസ്ത കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ എം കെ മുനീർ രംഗത്ത്. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള തെറിയഭിഷേക-ബുള്ളിയിങ് സീമാതിർത്തികൾ ലംഘിക്കുന്നതാണെന്ന് മുനീർ ചൂണ്ടികാട്ടി. 'തെറിയിൽ തടുക്കാൻ കഴിയില്ല, തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ' എന്ന റഫീഖ് അഹമ്മദിന്റെ വരികൾ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വധിക്കാൻ നടക്കുന്ന എല്ലാ അഭിനവ പോൾ പോട്ടുമാർക്കും ഉള്ള മികച്ച മറുപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഫീഖ് അഹമ്മദിനൊപ്പം എന്ന ഹാഷ്ടാഗും മുനീർ പങ്കുവച്ചിട്ടുണ്ട്.

എം കെ മുനീറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

കവിയും എഴുത്തുകാരനുമായ റഫീഖ് അഹമ്മദിന് എതിരെ ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള തെറിയഭിഷേക-ബുള്ളിയിങ് സീമാതിർത്തികൾ ലംഘിക്കുന്നതാണ്. 
‘ഹേ..കേ..
എങ്ങോട്ടു പോകുന്നു ഹേ’ എന്ന കവിത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ചർച്ചയായതോടെ വർഗ്ഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യക്തിപരമായ  അധിക്ഷേപ വർഷങ്ങൾ വരെ അദ്ദേഹത്തിനെതിരെ നിർദയം നടന്നു കൊണ്ടിരിക്കുന്നു.
ഇവ്വിധം വിയോജിപ്പിന്റെ ശബ്ദങ്ങൾക്കെതിരെ നഗ്നമായ ഫാഷിസ്റ്റ് അസഹിഷ്ണുതയാണ് സിപിഎം അവരുടെ സൈബറിടങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.,
ആവിഷ്കാര സ്വാതന്ത്ര്യമെല്ലാം പാർട്ടി അധികാര താല്പര്യങ്ങളെ ബാധിക്കുന്നത് വരെ എന്നതാണ് സിപിഎമ്മിന്റെ ആളുകളുടെ  രീതി.കേന്ദ്രം ഭരിക്കുന്നവർക്കും കേരളം ഭരിക്കുന്നവർക്കും ഇക്കാര്യത്തിൽ ഒരൊറ്റ നയമാണ്.സംഘപരിവാറുകാർ പ്രതിഷേധിക്കുന്നവരെ  ഐഡന്റിറ്റി നോക്കി പാകിസ്താനിലേക്ക് റിക്രൂട്ട് ചെയ്യുമ്പോൾ സിപിഎമ്മിന്റെ സൈബർ കൂട്ടങ്ങൾ അത് അഫ്ഘാനിസ്ഥാനിലേക്കും സിറിയയിലേക്കും ആക്കുന്നു എന്ന വ്യത്യാസം മാത്രം.
എഴുത്തുകാർ യുഗദുഃഖങ്ങൾ സ്വയം വരിക്കുന്നു എന്നാണ് ഇടതുപക്ഷ സാഹിത്യങ്ങളിലൊക്കെ പറയാറുള്ളത്.എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ എഴുത്തുകാർക്ക് അധികാര താല്പര്യങ്ങളുടെ സ്തുതി ഗീതം മാത്രമാണ് പാർട്ടിയിൽ അനുവദനീയമായിട്ടുള്ളത്.ബാക്കിയൊക്കെ കേവല ഗ്രന്ഥശാല ഇമേജിനറി മാത്രമാണിപ്പോൾ.റഫീഖ് അഹമ്മദിന് നേരെയുള്ള ആക്രമണത്തിലും ഒരിക്കലും ഉണരാത്ത മുനികുമാരന്മാരുടെ വേഷം പലരും എടുത്തണിയുന്നത് അതുകൊണ്ടാവാം..
'തെറിയിൽ തടുക്കാൻ കഴിയില്ല ,തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ'എന്ന റഫീഖ് അഹമ്മദിന്റെ വരികൾ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വധിക്കാൻ നടക്കുന്ന എല്ലാ അഭിനവ പോൾ പോട്ടുമാർക്കും ഉള്ള മികച്ച മറുപടി..
#റഫീഖ് അഹമ്മദിനൊപ്പം

കെ റയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരെ ആക്രമണം, അപലപിച്ച് പ്രമുഖര്‍

സൈബര്‍ ആക്രമണത്തിന് കാരണമായ റഫീഖ് അഹമ്മദിന്‍റെ കവിതയുടെ പൂര്‍ണരൂപം ഇതാണ് 

ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ  പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?

click me!