
കോഴിക്കോട്:സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശശി തരൂരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് എം കെ രാഘവന്‍ എംപി രംഗത്ത്.'തരൂരിൻ്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ് അനിവാര്യം. തരൂരിനെ പോലെയുള്ള ഒരു നേതാവിനെ ഇവിടെ ആവശ്യമുണ്ട്. തരൂർ മത്സരിച്ചത് കോൺഗ്രസിന് ജനാധിപത്യ സ്വഭാവം ഉണ്ടെന്ന് തെളിയിച്ചു. ഇത് സോണിയാ ഗാന്ധി ഉൾപ്പടെ അംഗീകരിച്ചതാണ്.അദ്ദേഹം മലബാറിൽ വരുന്നത് പല പരിപാടികളിൽ പങ്കെടുക്കാനും പ്രമുഖ നേതാക്കളെ കാണാനും ആണ്, എല്ലാം ക്ഷണിക്കപ്പെട്ട പരിപാടികളാണ്. അദ്ദേഹത്തിൻ്റെ വരവ് മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിൻ്റെ വരവ് ആവശ്യമുള്ളതാണ് എന്ന ബോധ്യം ഇവിടെ എല്ലാവർക്കും ഉണ്ട്.മലബാറിലെ പല പരിപാടികളിലും തരൂർ പങ്കെടുക്കണം എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വരവ്.
'എ ഐ സി സി തെരെഞ്ഞെടുപ്പിന് ശേഷം തരൂരിന് പ്രസക്തി ഏറി.അദ്ദേഹം താര പ്രചാരകൻ തന്നെയാണ്. അദ്ദേഹത്തെ എന്തിനു ഒഴിവാക്കി എന്ന് മുകളിൽ ഉള്ളവർ മറുപടി തരട്ടെ.ആരെങ്കിലും വിചാരിച്ചാൽ തരൂരിനെ ആളുകളുടെ മനസ്സിൽ നിന്നും മാറ്റാനാവില്ല.തരൂരിനെ പോലുള്ള നേതാക്കൾ കേരള രാഷ്ട്രീയത്തിൽ അനിവാര്യൻ,തരൂരിനെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മാറ്റുന്നത് ശരിയല്ല.അതാരായാലും ശരിയായ നടപടിയല്ല.സോണിയ ഗാന്ധി പോലും അദ്ദേഹം മത്സരിച്ചതിനെ നല്ല കാര്യമായിട്ടാണ് വിശേഷിപ്പിച്ചത്.'എം കെ രാഘവന്‍ വ്യക്തമാക്കി.
എഐസിസി അവഗണന തുടരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി നീക്കം തുടങ്ങിയെന്ന് അഭ്യൂഹം. ലീഗിന്‍റെ കൂടി ആശിര്‍വാദത്തോടെയാണ് തരൂരിന്‍റെ നീക്കം. മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേരളം തന്‍റെ നാടല്ലേയെന്നാണ് ശശി തരൂരിന്‍റെ പ്രതികരണം. ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന തരൂരിന്‍റെ മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികള്‍ എന്നിവയാണ് പര്യടനത്തിന്‍റെ ലക്ഷ്യം. എന്‍എസ്എസിനും സ്വീകാര്യനായെന്ന സൂചനയുമായി തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്.
എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്‍റെ യാത്രക്ക് ഏറെ പ്രധാന്യമുണ്ട്. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്‍റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam