'വി ടി ബൽറാം ഇത്ര അധഃപതിക്കാമോ? അപഹാസ്യങ്ങളിൽ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്'; മറുപടിയുമായി ചിത്തരഞ്ജൻ

Published : Apr 03, 2022, 09:08 PM IST
'വി ടി ബൽറാം ഇത്ര  അധഃപതിക്കാമോ? അപഹാസ്യങ്ങളിൽ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്'; മറുപടിയുമായി ചിത്തരഞ്ജൻ

Synopsis

മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു മാത്രമാണെന്നും ചിത്തരഞ്ജൻ കുറിച്ചു.

കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാമിന് മറുപടിയുമായി എംഎൽഎ പി പി ചിത്തരഞ്ജൻ. രണ്ട് മുട്ടക്കറിക്കും അഞ്ച് പാലപ്പത്തിനും ഹോട്ടൽ അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജന്റെ ആരോപണത്തിനാണ് ബൽറാം മറുപടി നൽകിയത്. തുടർന്ന് ബൽറാമിന് മറുപടി നൽകി എംഎൽഎയും രം​ഗത്തെത്തി. 

കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോയെന്ന് ചിത്തരഞ്ജൻ ചോദിച്ചു. എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു മാത്രമാണെന്നും ചിത്തരഞ്ജൻ കുറിച്ചു. സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാർമ്മിക രോഷമാണ് പ്രകടിപ്പിച്ചത്. എന്നെ ആക്ഷേപിക്കുന്നവർ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എതിരെയാണ് സംസാരിക്കുന്നത്. എന്നെ നിങ്ങൾക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന്  ഓർമ്മിപ്പിക്കട്ടെയെന്നും അദ്ദേ​ഹം പറഞ്ഞു. 

ചിത്തരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരിൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിർത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാൻ എന്ന വിവരം സൂചിപ്പിക്കട്ടെ. 

ഞാൻ ചെയ്ത തെറ്റെന്താണ് ?. സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയിൽ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോൾ, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോൾ ബില്ലിൻ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം. 
എന്നാൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോ ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു മാത്രം. 

സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാർമ്മിക രോഷമാണ് ഞാൻ പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവർത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവർ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങൾക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന്  ഓർമ്മിപ്പിക്കട്ടെ..

PREV
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു