
കൊച്ചി : സംസ്ഥാന സ്പോർട്സ് കൗൺസിലുമായുള്ള അധികാര തർക്കത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17 വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽ തടഞ്ഞ് പി വി ശ്രീനിജിൻ എംഎൽഎ. പനമ്പിള്ളി നഗറിലെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായ എംഎൽഎയുടെ നിർദ്ദേശപ്രകാരം നാല് മണിക്കൂർ പൂട്ടിയിട്ടു. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നായി എത്തിയ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികിൽ കാത്ത് നിന്നത്. സംഭവം വാർത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്. എട്ട് മാസമായി ബ്ലാസ്റ്റേഴ്സ് മുടക്കിയ ലക്ഷങ്ങളുടെ കുടിശ്ശിക തീർപ്പാക്കാതെ സ്റ്റേഡിയം തുറന്ന് കൊടുക്കില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ.
ഏഴ് മണിക്ക് തുടങ്ങുന്ന സെലക്ഷൻ ട്രയലിനായി പുലർച്ചെ മുതൽ വിവിധ ജില്ലകളിൽ നിന്ന് കുട്ടികളും അച്ഛനമ്മമാരും പനമ്പിള്ളി നഗർ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായ എംഎൽഎയുടെ നിർദ്ദേശമെന്ന് പറഞ്ഞ് സെക്യൂരിറ്റി ഗേറ്റ് തുറന്നില്ല.
മാധ്യമങ്ങളെ ഉപയോഗിച്ചുള്ള സമ്മർദ്ദ തന്ത്രം വില പോകില്ലെന്നും എട്ട് മാസമായി ബ്ലാസ്റ്റേഴ്സ് മുടക്കിയ ലക്ഷങ്ങളുടെ കുടിശ്ശിക തീർപ്പാക്കാതെ സ്റ്റേഡിയം തുറന്ന് കൊടുക്കില്ലെന്നുമാണ് പി വി ശ്രീനിജൻ എംഎൽഎ പറയുന്നത്. സെലക്ഷൻ ട്രയൽ വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നില്ലെന്നും ജില്ല സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ വിശദീകരിക്കുന്നു. മാധ്യമങ്ങൾ സംഭവം ചർച്ചയാക്കിയതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലും ജില്ല കൗൺസിലുമായി തർക്കം തെളിഞ്ഞു. ശ്രീനിജിന്റെ നടപടി മോശമായി പോയെന്നും ബ്ലാസ്റ്റേഴ്സ് കുടിശിക നൽകാനില്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ യു ഷറഫലി വ്യക്തമാക്കി. ഇതിന് പിന്നാലെ പൂട്ട് തുറക്കാൻ കായികവകുപ്പ് മന്ത്രി നിർദ്ദേശിച്ചു. പിന്നാലെ ഗേറ്റ് തുറക്കാൻ നിർദ്ദേശമെത്തി. വിദ്യാർത്ഥികൾ അകത്ത് കയറി സെലക്ഷൻ ട്രയൽ തുടങ്ങി.