
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. വിഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ കോൺഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് പറഞ്ഞ ഹസ്സൻ, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയെ ഉയർത്തി ഇതുവരെയും കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാർഡ് മാറ്റി ഭൂരിപക്ഷത്തിൻ്റെ കാർഡിറക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരട്ടാക്കുകയാണ്. സിപിഎം പത്ത് വർഷക്കാലം ജമാ അത്തെ ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചത് സിപിഎമ്മാണ്. കേരളത്തിൽ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവർത്തനം സിപിഐഎം ശക്തമായി നടത്തുന്നുണ്ട്. സിപിഐഎം റെഡ് കാർഡ് മാറ്റി കാവി കാർഡിറക്കുന്നുവെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിന്റെ സഖ്യകക്ഷിയാകുമെന്നും ഹസൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam