
ഇടുക്കി: സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ, കടുത്ത പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ജി സുധാകരന്റെ പേരിനെ 'ശൂധാകരൻ' എന്ന് വിശേഷിപ്പിച്ചാണ് എം എം മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. പാർട്ടിയുമായി അകന്നു നിൽക്കുന്ന ജി സുധാകരന്റെ പുതിയ നീക്കത്തിനെതിരെ അണികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും പാർട്ടി തന്നെ ജി സുധാകരനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് എംഎം മണിയും പരിഹാസവുമായി എത്തിയത്.
തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മണി ആശാൻ തന്റെ ശൈലിയിൽ മറുപടി നൽകി. "പാർട്ടിയാണ് വലുത്. പുറത്തുപോയാൽ ഞാനും ശൂ" എന്നായിരുന്നു ഒരു കമന്റിന് അദ്ദേഹം നൽകിയ മറുപടി. പാർട്ടി എന്ന ചട്ടക്കൂടിന് പുറത്ത് വ്യക്തികൾക്ക് സ്ഥാനമില്ലെന്നും, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ജി സുധാകരന്റെ അവസ്ഥയും ഇതുതന്നെയായിരിക്കും എന്നുമാണ് എംഎം മണി അർത്ഥമാക്കുന്നത്. അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ എംഎം മണിയെ 'ഇടുക്കിയിലെ ശൂ' എന്ന് ജി. സുധാകരൻ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇടുക്കിയിലിരിക്കുന്ന മണി എന്തിനാണ് ആലപ്പുഴയിലെ പാർട്ടിയുടെ പ്രശ്നത്തിൽ അഭിപ്രായം പറയുന്നതെന്ന് ചോദിച്ച സുധാകരൻ, പരിഹാസത്തോടെയാണ് ശൂ പരാമർശം നടത്തിയത്. ഈ പ്രസ്താവനയ്ക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാനുള്ള അവസരമായാണ് മണി സുധാകരന്റെ പാർട്ടി വിടൽ തീരുമാനത്തെ ഫെയ്‌സ്ബുക്കിൽ ഉപയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam