'പുള്ളീടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത്'; ഗവർണർക്കെതിരെ എം എം മണി

Web Desk   | Asianet News
Published : Feb 17, 2022, 07:36 PM IST
'പുള്ളീടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത്'; ഗവർണർക്കെതിരെ എം എം മണി

Synopsis

രാഷ്ട്രീയം കളിക്കുകയാണ് ഗവർണർ. കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേതെന്നും എം എം മണി പറഞ്ഞു

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ആദ്യം മടികാട്ടിയ ഗവർണർ (Kerala Governor) ആരിഫ് മുഹമ്മദ് ഖാനെതിരെ (Arif Mohammad Khan) രൂക്ഷ വിമ‍ർശനവുമായി മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി (M M Mani) രംഗത്ത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നതിനെ എതിർക്കുന്ന ഗവർണർക്കെതിരെ, 'അയാളുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത്' എന്നായിരുന്നു എം എം മണിയുടെ പരാമർശം. ഗവർണർ സർക്കാരിനല്ല തലവേദനയെന്നും നാടിനാകെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.

മണിയുടെ വാക്കുകൾ

'അദ്ദേഹം കുറച്ചുദിവസമായി ഇതുതന്നെയല്ലേ കളിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളല്ലേ, അഞ്ച് തവണ കൂടുമാറിയിട്ടല്ലേ ഇപ്പോ ഗവർണറായിട്ടിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിലെന്നല്ല എവിടെയെങ്കിലും രാഷ്ട്രീയമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ, ഗവ‍ർണർ വിഡ്ഢിത്തം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയം കളിക്കുകയാണ് ഗവർണർ. കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ പുള്ളിയുടെ കുടുംബത്തിൽ നിന്നല്ലല്ലോ, സർക്കാരിന്‍റെ ഖജനാവിൽ നിന്നല്ലേ കൊടുക്കുന്നത്. ഗവർണർ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം എം മണി പറഞ്ഞു.

അതേസമയം സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് നയപ്രസംഗത്തിൽ ഒപ്പിടാൻ ഗവ‍ർണർ മടികാട്ടിയത്. പൊതുഭരണ സെക്രട്ടറിയായ കെആർ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ഗവ‍ർണർ അയഞ്ഞത്. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു.

സർക്കാർ വഴങ്ങി! പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ഒപ്പിട്ടു

അതിനിടെ മുഖ്യമന്ത്രിയും ഗവർണറും നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവർണ്ണാറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാട് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക്  അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിച്ചത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

അസാധാരണ പ്രതിസന്ധി: പരസ്പരം ക്ഷോഭിച്ച് മുഖ്യമന്ത്രിയും ഗവർണറും; എകെജി സെന്ററിൽ ചർച്ച

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്