
ഇടുക്കി: സിപിഎം വിട്ട് ബിജെപി അംഗത്വമെടുത്ത മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഭീഷണിപ്രസംഗവുമായി എം എം മണി എംഎൽഎ. എല്ലാം നൽകിയ പാർട്ടിയെ വഞ്ചിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മൂന്നാറിൽ നടന്ന സിപിഎം പൊതുപരിപാടിയിൽ എം എം മണി പറഞ്ഞു. പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്നും മരണ ഭയമില്ലെന്നും ആയിരുന്നു എസ് രാജേന്ദ്രൻ്റെ പ്രതികരണം.
വൺ ടൂ ത്രീ പ്രസംഗത്തിന് ശേഷം എം എം മണിയുടെ ശക്തമായ താക്കീതും അംഗവിക്ഷേപവും. പതിനഞ്ചുവർഷം പാർട്ടി എംഎൽഎ യായിരുന്നയാൾ സംഘടനയിൽ നിന്ന് പുറത്തുപോയപ്പോഴുണ്ടാവുന്ന മുഴുവൻ അമർഷവും വാക്കുകളിൽ. പാർട്ടി ആനുകൂല്യങ്ങളും പദവികളും മേടിച്ച് വഞ്ചിച്ചയാളെ കൈകാര്യം ചെയ്ചാനാണ് ആഹ്വാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞകുറി ദേവികുളത്ത് മത്സരിച്ച അഡ്വ. എസ് രാജയുടെ വോട്ട് വിഹിതം കുറയാൻ കാരണം രാജേന്ദ്രനെന്നായിരുന്നു സിപിഎം കണ്ടെത്തൽ.
തുടർന്ന് അന്വേഷണത്തിനെത്തിയ പാർട്ടി കമ്മീഷനോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി ശശിയുടെ നീക്കങ്ങളാണ് തനിക്കെതിരെയെന്നും,ശശി പ്രസിഡൻ്റായ സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറിയുണ്ടെന്നും രാജേന്ദ്രൻ മൊഴി നൽകിയിരുന്നു. അംഗത്വം പോലും പുതുക്കാതെ, അകന്നുനിന്ന രാജേന്ദ്രനെ അനുനയിപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ ഇടപെട്ടെങ്കിലും ബിജെപി അംഗത്വം സ്വീകരിച്ചത് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പാർടി വിലയിരുത്തൽ. എം എം മണിയുടെ പ്രയോഗങ്ങളെ കാര്യമായെടുക്കുന്നില്ലെങ്കിലും നിയമ നടപടി സ്വീകരിക്കാനാണ് എസ് രാജേന്ദ്രൻ്റെ നീക്കം.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എസ് രാജേന്ദ്രൻ്റെ കൂടുമാറ്റം തോട്ടം മേഖലയിൽ വലിയ ആശങ്ക സിപിഎമ്മിന് ഉണ്ടാക്കുന്നതിൻ്റെ പ്രതിഫലനം കൂടിയാണ് രൂക്ഷമായ പ്രതികരണം. രാജേന്ദ്രൻ്റെ സ്വാധീനത്താൽ വോട്ടുവിഹിതം കുറഞ്ഞാൽ അത് കോൺഗ്രസിന് ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam