
തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലേക്ക് വരാൻ താല്‍പ്പര്യപ്പെടുന്ന എല്ലാവരെയും രൊവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ അവരെയും നാട്ടിലെത്തിക്കുക എന്നാണ് സര്‍ക്കാരിന്‍റെ സമീപനമെന്ന് മന്ത്രി എം എം മണി. വിമാനത്തിൽ ഒരു കൊവിഡ് ബാധിതൻ ഉണ്ടെങ്കിൽത്തന്നെ മറ്റു യാത്രക്കാരിലേക്കും കൂടി രോഗവ്യാപനം ഉണ്ടാകും എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്.
ഇത്തരത്തിൽ സംഭവിക്കാവുന്ന രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തി രോഗം ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനങ്ങളിൽ കൊണ്ടുവരണമെന്ന സമീപനം സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിർക്കുക എന്ന അജണ്ടയുമായി അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രിയും ബിജെപി, യുഡിഎഫ് നേതാക്കന്മാരും പതിവുപോലെ ഇക്കാര്യത്തിലും അവർ നേരത്ത സ്വീകരിച്ചിരുന്ന നിലപാടിൽ മാറ്റം വരുത്തി സർക്കാരിനെതിരെ വിമർശനവുമായി വന്നു.
കൊവിഡ് ബാധിതരെയും അല്ലാത്തവരെയും വിമാനത്തിൽ ഒരുമിച്ചിരുത്തിത്തന്നെ കൊണ്ടുവരണം എന്നാണ് ഇവർ അവശ്യപ്പെടുന്നത്. ഇങ്ങനെ കൊണ്ടുവന്നാൽ ഉണ്ടാകാവുന്ന രോഗവ്യാപനത്തിന്റെ അപകടം ജനങ്ങളുടെ സുരക്ഷയും നന്മയും ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാകും.
അതിനാൽത്തന്നെ സർക്കാർ നിലപാട് അംഗീകരിക്കുകയും ചെയ്യും. മറിച്ച്, കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വിമാനത്തിനുള്ളിൽ നിന്ന് കൊവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കൾക്ക് ഇതൊന്നും മനസ്സിലാകില്ലെന്നു മാത്രമല്ല അവർ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടർന്നുകൊണ്ടേയിരിക്കുമെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam