വിവാദങ്ങളിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി; തള്ളിപ്പറഞ്ഞ് ലീഗ്, എ-ഐ ഗ്രൂപ്പുകളും അമർഷത്തിൽ

By Web TeamFirst Published Jun 21, 2020, 1:25 PM IST
Highlights

കോൺഗ്രസ് നേതൃത്വത്തിൻറെ ഇടപെടലുകൾ വേണ്ടത്രെ പോരെന്ന പരാതി നേരത്തെ ഉള്ള ലീഗ് മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി കൂടുതൽ സജീവമായി രംഗത്തു വരണമെന്ന് അവർ ഇനി തുറന്ന് അഭിപ്രായപ്പെട്ടേക്കാം. 

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ മുല്ലപ്പള്ളിയെ പരസ്യമായി തള്ളി മുസ്ലീം ലീഗ്. ആദ്യം പിന്തുണക്കാതെ ഒഴിഞ്ഞുമാറിയ ഉമ്മൻചാണ്ടി പിന്നീട് മുല്ലപ്പള്ളിയെ പ്രതിരോധിച്ച് വാർത്താകുറിപ്പിറക്കി. വിവാദ പരാമർശത്തിൽ തൊടാതെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് വൈകീട്ട് മൂന്നിന് പ്രതിപക്ഷനേതാവ് മറുപടി നൽകും. ആരോഗ്യമന്ത്രിയെ നിപ രാജകുമാരിയായും ഇപ്പോൾ കൊവിഡ് രാജ്ഞിയാവാനും ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് കാരണമായത്. 

കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലീം ലീഗ് നിലപാടെടുത്തു. 

എന്തു പറയണം എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന നിലപാടെടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും  വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്‍റെ അഭിപ്രായമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. 

അതേ സമയം മുല്ലപ്പള്ളിയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി അപലപനീയമാമെന്നും  കെപിഎ മജീദ് പറഞ്ഞു. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

പ്രവാസി വിഷയത്തിൽ സർക്കാരിനെതിരെ നീങ്ങിയ പ്രതിപക്ഷത്തെ മുല്ലപ്പള്ളിയുടെ അസ്ഥാനത്തെ പ്രസ്താവന പ്രതിരോധത്തിലാക്കി എന്ന വിലയിരുത്തലാണ് യുഡിഎഫിൽ പൊതുവിലുള്ളത്. നാളുകളായി മുല്ലപ്പള്ളിയോട് ഏറ്റുമുട്ടി നിൽക്കുന്ന എ-ഐ ഗ്രൂപ്പുകളും പാർട്ടിക്ക് അകത്ത് വിമർശനം ശക്തമാക്കുന്നു. 

യുഡിഎഫിലെ രണ്ടാം കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞതോടെ കെപിസിസി അധ്യക്ഷൻ ഒറ്റപ്പെട്ടു. രാവിലെ കോട്ടയത്ത് മാധ്യമങ്ങളെ കണ്ടെങ്കിലും ഉമ്മൻചാണ്ടി മുല്ലപ്പള്ളിയെ പിന്തുണക്കാതെ ആദ്യം ഒഴിഞ്ഞുമാറി. തണ്ണുപ്പൻ നിലപാട് ചർച്ചയായതിന് പിന്നാലെ ഉമ്മൻചാണ്ടി പിന്നീട് വാർത്താകുറിപ്പിറക്കി പാർട്ടി അധ്യക്ഷനെ പിന്തുണച്ചു. കെപിസിസി പ്രസിഡണ്ടിനെ വളഞ്ഞിട്ടാക്രമിച്ച് കോൺഗ്രസ്സിനെ ദുർബ്ബലപ്പെടുത്താമെന്ന് സർക്കാറും സിപിഎമ്മും കരുതേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.

മുല്ലപ്പള്ളിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ നിർഭാഗ്യകരമാണ്, ഇങ്ങിനെ പറയാനുള്ള ധാർമ്മിക അവകാശത്തെ കുറിച്ച് മുഖ്യമന്ത്രി ആലോചിക്കണം. അതേ സമയം വിവാദ പരാമ‍ർശത്തിൽ മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ആവർത്തിക്കുന്നു. ഈ രീതിയിൽ വിവാദ പരാമർശത്തിൽ ഊന്നാതെ പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ മറ്റ് വിമർശനങ്ങൾക്ക് പരസ്യമറുപടി നൽകണമെന്നാണ് കോൺഗ്രസ്സിലെ ധാരണ.

ഈ തന്ത്രത്തിൻ്റെ ഭാഗമായാണ് ചെന്നിത്തലയുടെ മറുപടി വാർത്താസമ്മേളനം ഇന്ന് നടക്കുന്നത്. രാഷ്ട്രീയമറുപടി നൽകാൻ നേതൃത്വം ശ്രമിക്കുമ്പോഴും മുല്ലപ്പള്ളിക്കെതിരായ അമർഷം പാർട്ടിയിലും മുന്നണിയിലും പുകയുകയാണ്. കോൺഗ്രസ് നേതൃത്വത്തിൻറെ ഇടപെടലുകൾ വേണ്ടത്രെ പോരെന്ന പരാതി നേരത്തെ ഉള്ള ലീഗിൻറ അതൃപ്തിയും വിവാദപരാമർശത്തോടെ കൂടി. ഉമ്മൻചാണ്ടി കൂടുതൽ സജീവമാകണമെന്ന ആഗ്രഹം മെല്ലെ മെല്ലെ ഇനി ലീഗ് പരസ്യമാക്കാനൊരുങ്ങും. മുല്ലപ്പള്ളി വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതിയുള്ള എ-ഐ ഗ്രൂപ്പുകളും പാർട്ടി അധ്യക്ഷനെതിരായ നീക്കങ്ങൾ സജീവമാക്കും

click me!