ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈൻ മന്ത്രി എം എം മണി ഇന്ന് നാടിന് സമർപ്പിക്കും

By Web TeamFirst Published Jun 29, 2019, 6:54 AM IST
Highlights

ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മന്നം മുതൽ ചെറായി വരെയുള്ള 110 കെവി വൈദ്യുത ലൈന്‍ യാഥാർത്ഥ്യമാവുന്നത്. ചെറായി സബ്ബ് സ്റ്റേഷനും ഇന്ന് ഉദ്ഘാടനം ചെയ്യും.

കൊച്ചി: എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്റ്റേഷനും വൈദ്യുത മന്ത്രി എം എം മണി ഇന്ന് നാടിന് സമർപ്പിക്കും. മന്നം മുതൽ ചെറായി വരെയുള്ള 110 കെവി വൈദ്യുത ലൈനാണ് ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമാവുന്നത്.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് വടക്കൻ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള 110 കെവി വൈദ്യുത ലൈൻ പണികൾ പൂർത്തിയാക്കിയത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖല നേരിടുന്ന വൈദ്യുത ക്ഷാമം പരിഗണിച്ചാണ് 1999 ൽ മന്നം മുതൽ ചെറായി വരെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്റ്റേഷനും രൂപകൽപ്പന ചെയ്തത്. എന്നാൽ 2009 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും ലൈൻ വലിക്കുന്നത് സംബന്ധിച്ചുള്ള അലൈൻമെന്റ് തർക്കങ്ങള്‍ കോടതിയിലെത്തിയതോടെ പണികൾ വൈകി. 

ഇതിനിടെ ശാന്തി വനത്തിൽ വൈദ്യുത ടവർ നിർമ്മിക്കുന്നതിനെതിരെ സ്ഥലമുടമ മീനാ മേനോന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു. എന്നാൽ കോടതിയിൽ നിന്നും കെഎസ്ഇബിക്ക് അനുകൂലമായി വിധി വന്നതോടെ പണികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. മന്നം എടയാർ എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് വൈദ്യുത ലൈനുകളാണ് ചെറായി സബ്ബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

click me!