
തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിൻ്റെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് സിപിഎമ്മുകാരാണെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണെന്നും എംഎം മണി പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കൊപ്പം നിൽക്കുമെന്ന കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും ബഡായിയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ ഇപ്പോൾ ആർക്കും ഒരു നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മണി ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങളുടെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണ്. മുസ്ലീങ്ങളുടെ ആകെ അവകാശം ലീഗിനല്ല. തലശ്ശേരി - മാറാട് കലാപങ്ങളുടെ നാളുകളിൽ മുണ്ടുമടക്കിക്കുത്തി നിന്നത് സിപിഎമ്മാണ് എന്നോർക്കണം. മുസ്ലീം ലീഗിനെതിരായ വിമർശനം ഇനിയും തുടരുക തന്നെ ചെയ്യും. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. മലപ്പുറം ജില്ല രൂപീകരണത്തിന് ഇഎംഎസ് മുൻകൈയ്യെടുത്തപ്പോൾ പാകിസ്ഥാനുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസ് പറഞ്ഞത്. തലശേരി കലാപകാലത്ത് സി.എച്ച്. മുഹമ്മദ് കോയയടക്കം മുസ്ലീം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയില്ല. അന്നവിടെ പോയി മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാഘവനും ഇ.എം.എസും പിണറായി വിജയനുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam