'രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ യൂണിവേഴ്സിറ്റി കോളേജ് മാറ്റുക'; മുരളിയെ ട്രോളി എംഎം മണി

By Web TeamFirst Published Jul 27, 2019, 6:57 PM IST
Highlights

കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത് 

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിക്കുമെന്ന കെ മുരളീധരന്‍റെ പ്രസ്താവനയെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി. യു പി എ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയതു പോലെയാണോ മുരളീധരൻജീ യു ‍ഡി എഫ് ജയിച്ച് യൂണിവേഴ്സിറ്റി കോളേജ് മാറ്റുന്നതും എന്ന പരിഹാസ ചോദ്യമാണ് എം എം മണി ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.

 

യൂണിവേഴ്സിറ്റി കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്നാണ് കെ മുരളീധരന്‍ എംപി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റും. എസ്എഫ്ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. 

click me!