പൗരത്വ പ്രക്ഷോഭത്തിൽ നിന്ന് ഇസ്ലാമിക രാഷ്ട്രവാദികളെ അകറ്റിനിര്‍ത്തണം: എംഎൻ കാരശ്ശേരി

By Web TeamFirst Published Feb 3, 2020, 9:23 PM IST
Highlights

എസ്ഡിപിഐ നേതാവ് കെകെ അബ്ദുൾ ജബ്ബാറിന്റെ പ്രതികരണത്തിനുള്ള മറുപടിയിലായിരുന്നു കാരശേരി ഇസ്ലാമിക രാഷ്ട്രവാദികളെ പൗരത്വ പ്രക്ഷോഭത്തിൽ മാറ്റിനിര്‍ത്തണമെന്ന് പറഞ്ഞത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ നിന്ന് മതപരമായ ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് എംഎൻ കാരശ്ശേരി. മതപരമായ ചിഹ്നങ്ങളും ശാസനകളും മുദ്രാവാക്യങ്ങളും ഉപയോഗിക്കുന്നത് സംഘപരിവാറിനെ സഹായിക്കുന്ന പണിയാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്ത് ആ‍ര്‍എസ്എസിനെ ഒപ്പം കൂട്ടിയതാണ് ജയപ്രകാശ് നാരായണൻ ചെയ്ത തെറ്റെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത ചിഹ്നങ്ങളോ, ശാസനകളോ, പ്രകോപനപരമായ മുദ്രാവാക്യങ്ങളോ ഉയ‍ര്‍ത്തുന്നതിൽ യോജിപ്പുണ്ടോ എന്നതായിരുന്നു ചോദ്യം. എസ്ഡിപിഐ നേതാവ് കെകെ അബ്ദുൾ ജബ്ബാറിന്റെ പ്രതികരണത്തിനുള്ള മറുപടിയിലായിരുന്നു കാരശ്ശേരി ഇസ്ലാമിക രാഷ്ട്രവാദികളെ പൗരത്വ പ്രക്ഷോഭത്തിൽ മാറ്റിനിര്‍ത്തണമെന്ന് പറഞ്ഞത്.

കെകെ അബ്ദുൾ ജബ്ബാറിന്റെ മറുപടി

"ഭീം ആ‍ര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിളിക്കുന്നത് ജയ് ഭീം എന്നും അള്ളാഹു അക്ബര്‍ എന്നുമാണ്. ജാമിയിലെ വിദ്യാര്‍ത്ഥികളും അള്ളാഹു അക്ബറെന്നും ലാ ഇല്ലാഹ ഇല്ലള്ളാ എന്നും വിളിക്കുന്നു. ഈ സമരം മതപരമായ ചിഹ്നങ്ങൾ ഒഴിവാക്കിക്കൊണ്ട്, മതേതര സമൂഹം ഒന്നിച്ചാണ് ചെയ്യേണ്ടത്. എന്നാൽ സ്വത്വബോധമുള്ള ആരെങ്കിലും മതപരമായ മുദ്രാവാക്യങ്ങൾ ഉയ‍ര്‍ത്തുകയോ മത ചിഹ്നങ്ങൾ ഉപയോഗിക്കുകയോ ചെയ്താൻ അതിനെ പാതകമെന്ന് പറയാൻ കഴിയില്ല. അത് നിഷ്കളങ്കമായി ചെയ്യുന്നതാണ്. അത് മതരാഷ്ട്രത്തിന് വേണ്ടിയുള്ള വിളിയല്ല. ഈ വിഷയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല. രാഷ്ട്രത്തെയും ഭരണഘടനയെയും ബാധിക്കുന്നതാണ്. ഇത് മുസ്ലിങ്ങൾ മാത്രം മതചിഹ്നങ്ങൾ ഉപയോഗിച്ച് നടത്തേണ്ട പ്രക്ഷോഭവുമല്ല." മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നടത്തേണ്ടതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എംഎൻ കാരശേരിയുടെ മറുപടി

"പ്രക്ഷോഭത്തിൽ മതചിഹ്നങ്ങൾ ബോധപൂര്‍വ്വം ഉയര്‍ത്തുന്നതാണ്. മനുസ്മൃതി ഭരണഘടനയാവണം എന്ന് വിചാരിക്കുന്നത് പോലെ, മറുവശത്ത് ഖുര്‍ആൻ ഭരണഘടനയാകണം എന്ന് വിചാരിക്കുന്നവരാണ് ഇസ്ലാമിക രാഷ്ട്ര വാദികൾ. അതിവൈകാരികമായോ, അസ്വാഭാവികമായോ, സ്വാഭാവികമായോ, ആകസ്മികമായോ ഈ ജാഥയിൽ, പ്രതിഷേധത്തിൽ യാ ഇല്ലാഹ ഇല്ലള്ളാ എന്നോ, ബോലോ തക്ബീര്‍ എന്നോ അള്ളാഹു അക്ബര്‍ എന്നോ വിളിക്കുന്നത് സംഘപരിവാറിനെ സഹായിക്കുന്ന പണിയാണ്. അങ്ങനെ വിളിക്കരുതെന്ന് പറയാൻ തന്റേടം കാണിച്ച നേതാവാണ് ശശി തരൂര്‍. ജാമിയയിൽ അദ്ദേഹത്തെ മുസ്ലിം വിരുദ്ധനെന്ന് പറഞ്ഞ് തടയുന്നു. അതിന്റെ ഫലമെന്താണ്, പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്ന ആളുകള്‍ക്കിടയിൽ പാളയത്തിൽ പടയുണ്ടാകുന്നു. അത് സംഘപരിവാറിനെ സഹായിക്കുന്നു. വ‍ര്‍ഗീയ വാദം ഒരേ പന്തിയിലാണ് ഊണ് കഴിക്കുന്നതെന്ന് മനസിലാക്കണം."

"മനുസ്മൃതി ഭരണഘടനയാകണം എന്ന് പറയുന്നത് പോലെ മതവിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് ഖുര്‍ആൻ ഭരണഘടയാകണം എന്ന് പറയുന്നത്. ഈ മതരാഷ്ട്ര വാദികളെ ഒരേ കണ്ണുകൊണ്ടു കാണണം. ജനാധിപത്യത്തിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്തയാളുകളെ ഈ സമരത്തിൽ ഒപ്പം കൂട്ടരുത്. ആ‍ര്‍എസ്എസുകാരെ കൂട്ടി അടിയന്തിരാവസ്ഥയ്ക്ക് എതിരെ സമരം ചെയ്തതാണ് ജയപ്രകാശ് നാരായണന് സംഭവിച്ച തെറ്റ്."

"ഇവിടെ എന്താണ് സ്വത്വം... ഇന്ത്യാക്കാരനാണ്, മലയാളിയാണ്, പുരുഷനാണ്, തൊഴിലാളിയാണ്, കൂട്ടത്തിൽ നിങ്ങളേതോ മതത്തിൽ പിറന്നയാളാണ്. ആ മതമല്ല സ്വത്വം, ഇന്ത്യാക്കാരൻ എന്നതാണ് സ്വത്വം. ആക്സ്മികമായി സംഭവിക്കുന്നതാണെന്ന ജബ്ബാറിന്റെ വാക്കുകളിൽ ഭയങ്കരമായിട്ടുള്ള കളിയാണ്. അത് പാടില്ലെന്ന് പറഞ്ഞാൽ മാത്രമേ അവരുടെ(എസ്ഡിപിഐ) നിലപാട് എന്താണെന്ന് മനസിലാക്കാനാവൂ," എന്നും അദ്ദേഹം പറഞ്ഞു.

click me!