മോദി 2.0 ഒന്നാം വാര്‍ഷികം: മഹാ വെര്‍ച്വല്‍ റാലിയുമായി ബിജെപി

By Web TeamFirst Published Jun 14, 2020, 11:31 AM IST
Highlights

റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളികളാകുമെന്നാണ് പാര്‍ട്ടി അറിയിച്ചത്. കൊറോണാനന്തര കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങലിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം

തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും. റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളികളാകുമെന്നാണ് പാര്‍ട്ടി അറിയിച്ചത്.

കൊറോണാനന്തര കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങലിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോചനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കുന്നത്.

ഇതിന്റെ പ്രചരണത്തിനായി ചെറു വീഡിയോകളും പോസ്റ്ററുകളും പ്രൊമോകളും പ്രചരിപ്പിക്കും. ദില്ലിയിലും തിരുവനന്തപുരത്തുമായാണ് വെര്‍ച്വല്‍ റാലി വേദികള്‍ തയ്യാറാകുക. വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യതലസ്ഥാനത്ത് നിന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുക. ഇതു കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ തല്‍സമയം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനവും തയ്യാറാക്കുന്നുണ്ടെന്നും ബിജെപി അറിയിച്ചു.

ഫേസ്ബുക്ക, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെ ബിജെപി കേരള പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വെര്‍ച്വല്‍ റാലിയില്‍ ജന ലക്ഷങ്ങള്‍ പങ്കാളിയാകുക. ഇതിനായി ഇരുപതിനായിരത്തിലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളിലായി 50 ലക്ഷത്തോളം ആള്‍ക്കാരിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറിയും വെര്‍ച്വല്‍ റാലിയുടെ സംസ്ഥാന കണ്‍വീനറുമായ എസ് സുരേഷ് പറഞ്ഞു.

കേരളത്തിന്റെ  പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് ബിജെപി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഈ വെര്‍ച്വല്‍ റാലിയില്‍ പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!