സ്കൂളിലേക്ക് ജീന ടീച്ചർ എത്തുന്നത് പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടി; പഠിച്ചത് ലോക്ക് ഡൗൺ കാലത്ത്

By Web TeamFirst Published Jun 14, 2020, 11:01 AM IST
Highlights

അങ്ങനെയാണ് എട്ടാം ക്ലാസ്സുകാരിയായ മകളുടെ സൈക്കിൾ തനിയെ ചവിട്ടി പഠിച്ചത്. ഇപ്പോൾ പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ടീച്ചർ‌ സ്കൂളിലെത്തുന്നത്. 
 

കൊച്ചി: ലോക്ക് ഡൗൺ കാലം ബോറടിയുടെ കാലമാണെന്നൊക്കെ ചിലരെങ്കിലും പറഞ്ഞാലും ജീന ടീച്ചർ അങ്ങനെ പറയില്ല. കാരണം ലോക്ക് ഡൗൺ കാലത്താണ് ടീച്ചർ സൈക്കിളോടിക്കാൻ പഠിച്ചത്. ഫോര്‍ട്ടുകൊച്ചി ഇ.എം.ജി.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് അധ്യാപികയാണ് ജീന ഗ്രേസ്. പണ്ടു മുതലേ വാഹനങ്ങളോടിക്കാനും റോഡ് മുറിച്ചു കടക്കാനും ടീച്ച‍‍ർക്ക് പേടിയാണ്. പക്ഷേ  ലോക്ക് ഡൗൺ കാലത്ത് മൂല്യനിർണ്ണയ ക്യാംപിൽ പങ്കെടുക്കേണ്ടി വന്ന സാഹചര്യത്തിൽ സ്കൂളിലെത്താൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥ വന്നു ജീന ടീച്ചർക്ക്. അങ്ങനെയാണ് എട്ടാം ക്ലാസ്സുകാരിയായ മകളുടെ സൈക്കിൾ തനിയെ ചവിട്ടി പഠിച്ചത്. ഇപ്പോൾ പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ടീച്ചർ‌ സ്കൂളിലെത്തുന്നത്. 

''രാത്രി ഒൻപത് മണിക്ക് ശേഷം വീടിന് മുന്നിലൂടെ സൈക്കിൾ ചവിട്ടി നോക്കി. പിന്നെ ഒകെയാണെന്ന് ഉറപ്പായപ്പോൾ‌ റോഡിലിറങ്ങി. പിന്നെ രണ്ട് തവണ വാല്യൂവേഷന് പോകുന്നതിന് മുമ്പ് ഇവിടെ വരെ ചവിട്ടി നോക്കി.'' എങ്ങനെയൊക്കെയാണ് സൈക്കിളിനെ സന്തത സഹചാരിയാക്കിയതെന്ന് ജീന ടീച്ചർ വെളിപ്പെടുത്തുന്നു. ഒരു ടീച്ചർ എന്തിനാണ് ​ഈ സൈക്കിൾ ചവിട്ടി പോകുന്നതെന്ന് ചോദിച്ചവരുണ്ട്. അവരോട് ജീന ടീച്ചർ പറയുന്നു, ''എന്റെ കയ്യിലുള്ളത് ഇതാണ്. അതുകൊണ്ട് സൈക്കിളിൽ പോകുന്നു. ഇനി ലൈസൻസൊക്കെ എടുത്തതിന് ശേഷം മറ്റ് വണ്ടിയുടെ കാര്യം നോക്കാം.'' സൈക്കിൾ യാത്രയിൽ അഭിമാനക്കുറവൊന്നുമില്ലെന്നും ടീച്ചർ ചിരിയോടെ കൂട്ടിച്ചേർക്കുന്നു. 

9.30ന് മൂല്യനിർണയ ക്യാംപിലെത്തണമെങ്കിൽ 8.15ന് തന്നെ വൈപ്പിനിലെ വീട്ടിൽ നിന്നിറങ്ങണം. ഇറങ്ങുമ്പോൾ മഴയാണെങ്കിലും പിന്നോട്ടില്ല. മഴക്കോട്ടൊക്കെ നേരത്തെ തന്നെ തയാറാക്കി വയ്ക്കും. ഗോശ്രീപാലവും ഗതാഗതക്കുരുക്കും കടന്ന് വേണം കൃത്യസമയത്ത് സ്ക്കൂളിലെത്താൻ. കയറ്റം കയറുമ്പോൾ ക്ഷീണിക്കും. അതുപോലെ വലിയ ഗതാഗതക്കുരുക്ക് കാണുമ്പോൾ ടീച്ചറിന് ഇപ്പോളും ചെറിയ പേടിയുണ്ട്. പിന്നെ ഒന്നും നോക്കില്ല സൈക്കിളിൽ നിന്നിറങ്ങി തള്ളി കൊണ്ടുപോകും. മൂന്ന് വർഷം മുൻപ് വാഹനാപകടത്തിൽ അച്ഛന് പരിക്ക് പറ്റിയതോടെയാണ് പേടി കൂടിയതെന്ന് ടീച്ചർ പറയുന്നു. എന്നാൽ ഇപ്പോൾ സൈക്കിൾ യാത്ര പതിവാക്കിയതോടെ ആ പേടി മാറി. ഇനി ലൈസൻസെടുത്ത് മറ്റ് വണ്ടികൾ കൂടി ഓടിക്കാനാണ് ജീന ടീച്ചറുടെ തീരുമാനം. 
 

click me!