
ദില്ലി: പ്രധാനമന്ത്രിക്ക് കേരളത്തിലെ യുവത്വവുമായി സംവദിക്കാനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച യുവം എന്ന പരിപാടി ബിജെപിയുടെ വെറും രാഷ്ട്രീയ സമ്മേളനം മാത്രമായിപ്പോയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷ പകരുന്നതൊന്നും യുവം എന്ന പരിപാടിയില്ലായിരുന്നു. ഈ പരിപാടിയുടെ പേരില്‍ വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രിയും ബിജെപിയും യുവാക്കള്‍ക്ക് സമ്മാനിച്ചത്. ഇത് തന്നെയാണ് യുവജനതയോടുള്ള ബിജെപിയുടെ ശൈലിയും. ഓരോ വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീട് അവരെ കബളിപ്പിക്കുകയുമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിജെപി ചെയ്തുവന്നതെന്നും വേണുഗോപാൽ പറഞ്ഞു.
യുവാക്കളെ വഞ്ചിച്ച സര്‍ക്കാരാണ് മോദിയുടെത്. രാജ്യത്ത് തൊഴിലില്ലായ്മ പാരമ്യത്തിലാണ്. മികച്ച ജീവിത സാഹചര്യവും തൊഴിലും തേടി ഇന്ത്യയുടെ യുവത്വം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തിലും അവര്‍ക്ക് തൊഴില്‍ നല്‍കിയെന്ന നുണ പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി കൊച്ചിയില്‍ നടത്തിയത് വെറും രാഷ്ട്രീയ പ്രസംഗമാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയും ഇല്ലാത്തത് പെരുപ്പിച്ച് കാണിച്ചും യുപിഎ സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളെ പേരുമാറ്റി തങ്ങളുടേതെന്ന് വരുത്തിതീര്‍ക്കുകയാണ് അദ്ദേഹം. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരുപറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തില്‍ സംഘര്‍ഷം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കം കേരളം തിരിച്ചറിയുന്നുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പുല്‍വാമയില്‍ ധീരജവാന്‍മാരെ ബലികൊടുത്ത നടപടിക്കെതിരായ ചോദ്യങ്ങളോടും അദാനിയുടെ ഷെല്‍ കമ്പനിയിലേക്ക് വന്ന ഇരുപതിനായിരം കോടിയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യത്തിന് മൗനം പാലിക്കുന്ന മോദി കുഭംകോണങ്ങളെ കുറിച്ച് സംസാരിച്ച് സ്വയംപരിഹാസ്യനാവുകയാണ്. യുവാക്കളെ മാത്രമല്ല, കര്‍ഷകരെയും വഞ്ചിച്ച മോദി കേരളത്തില്‍ വന്നിട്ട് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍ക്കുന്ന ഒരുവാക്കുപോലും പറഞ്ഞില്ല. ക്രെെസ്തവ ഭവനങ്ങളും ക്രെെസ്തവ മതമേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുന്ന മോദിക്ക് കര്‍ഷകരുടെ വിഷയത്തില്‍ തെല്ലും ആത്മാര്‍ത്ഥയില്ല. കേരളത്തില്‍ മോദിയും ബിജെപിയും ന്യൂനപക്ഷ പ്രേമം വിളമ്പുമ്പോഴും സംസ്ഥാനത്തിന് പുറത്ത് അവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വെറും കാഴ്ചക്കാരാനാവുകയാണ്. കേരളത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam