
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. മേയറെയും ഡെപ്യൂട്ടി മേയർ ആശാനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എൻഡിഎ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.
തലസ്ഥാനത്തെ പാർട്ടിയുടെ വിജയം കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ദില്ലിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളും ആയിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന എൽഡിഎഫും യുഡിഎഫും കേരളത്തിന്റെ ധാർമികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്കാരമാണ് വളർത്തിയത്. കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെയും, അയ്യങ്കാളിയുടെയും, മന്നത്ത് പത്മനാഭന്റെയും ആശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദമോദിയുടെ പുതുവത്സരസമ്മാനമാണ് അനുമോദന സന്ദേശമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. ‘മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം പ്രധാന മന്ത്രിയോടും കേന്ദ്രസർക്കാരിനോടും, കേന്ദ്ര ബിജെപിയോടുമുള്ള നന്ദിയും, കടപ്പാടും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കും, മോദിജിക്ക് തിരുവനന്തപുരത്തിന്‍റെ നന്ദി’- രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam