കേരളത്തിന് അഭിമാനം,1,500 കോടിമുതല്‍മുടക്ക്,രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് മോദി തറക്കല്ലിട്ടു

Published : Apr 25, 2023, 05:34 PM IST
കേരളത്തിന് അഭിമാനം,1,500 കോടിമുതല്‍മുടക്ക്,രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് മോദി തറക്കല്ലിട്ടു

Synopsis

ഫിസിക്കല്‍,ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് ഇന്ത്യ തുല്യപ്രാധാന്യം നല്‍കുന്നുവെന്ന് മോദി.വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍റെ പരിവര്‍ത്തനത്തിന് കുതിപ്പേകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഫിസിക്കല്‍ കണക്റ്റിവിറ്റി പോലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കും ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്‍റെ ഭാഗമായി 1500 കോടി ചെലവില്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ  ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്‍റെ പുരോഗതി ഉറപ്പാക്കാന്‍ ഫിസിക്കല്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സംസ്കാരം, സാങ്കേതിക പുരോഗതി എന്നിവയിലെ കേരളത്തിന്‍റെ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി,  ആഗോളശ്രദ്ധ ആകര്‍ഷിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ വികസനം കൂടുതല്‍ കരുത്ത് പകരുമെന്ന് പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ മാതൃകയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി തയ്യാറാക്കിയ 5 ജി സാങ്കേതികവിദ്യയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇതിലൂടെ പുതിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി തുറക്കുകയാണ്. ജാതി, മത, വര്‍ണ ഭേദമില്ലാതെ സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് ഡിജിറ്റല്‍, ഫിസിക്കല്‍ കണക്റ്റിവിറ്റിയുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന്  തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക - വിവര സാങ്കേതികവിദ്യ രംഗങ്ങളില്‍ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് അത്തരത്തിലുള്ള ഒന്നാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും  യാഥാര്‍ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ്ണ മുന്‍കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലുള്ള ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്കായി 2022-23 ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ എന്‍റപ്രണര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും പാര്‍ക്ക് ശ്രദ്ധയൂന്നുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിക്കലിനെ കണ്ണീരിലാഴ്ത്തി മൂന്ന് മാസത്തിന് ശേഷം ആദര്‍ശും വിടവാങ്ങി, ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി
ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി