Mofiya Suicide : മോഫിയയുടെ ആത്മഹത്യ: സി ഐ സുധീർ കുമാറിനെതിരെ കടുത്ത പ്രതിഷേധം, ആലുവയില്‍ സംഘര്‍ഷാവസ്ഥ

By Web TeamFirst Published Nov 24, 2021, 2:15 PM IST
Highlights

ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പർവീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

കൊച്ചി: മോഫിയ പര്‍വീണിന്‍റെ (Mofiya Parween) ആത്മഹത്യയെ തുടര്‍ന്ന് ആലുവയിൽ വന്‍ പ്രതിഷേധം. കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും  (udf) യുവമോര്‍ച്ചയും സമരം തുടരുകയാണ്. ഇതിനിടെ, മോഫിയയുടെ ഭർത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.

മോഫിയ പർവീണിന്‍റെ  മരണത്തിൽ ആലുവ വെസ്റ്റ് സി ഐ സുധീർ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇന്നും പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജി നീരവ് കുമാർ ഗുപ്തയെ തടഞ്ഞു. ഇതിനിടെ സുധീർ കുമാറിൻറെ പങ്കിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്  ആലുവ ഡിവൈഎസ്പി ഡിഐജിക്ക് കൈമാറി വൈകിട്ടോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പർവീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. സിഐയെ ചുമതലകളിൽ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും  അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനിൽ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷൻ ഉപരോധിച്ചു സമരം തുടങ്ങി

സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ ഇന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. തുടർന്ന് നേതാക്കളുമായി ഡി ഐ ജി നീരവ് കുമാർ ഗുപ്ത ചർച്ച നടത്തി. യുവമോർച്ചയുടെ മാർച്ചിലും സംഘർഷമുണ്ടായി. അതേസമയം ആലുവ സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റിയിട്ടില്ല എന്ന് എറണാകുളം എസ് പി കെ കാർത്തിക അറിയിച്ചു.

ഇതിനിടെ, കേസിൽ സുധീർ കുമാറിനെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി ശിവൻകുട്ടി ഡിഐജി നീരവ് കുമാർ ഗുപ്തക്ക് കൈമാറി. ഡിഐജി ആലുവ റൂറൽ എസ്പി ഓഫീസിലും പോലീസ് സ്റ്റേഷനിൽ എത്തി കേസിലെ പുരോഗതി വിലയിരുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ സുധീർകുമാർ എൻറെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ആണ് ഡിവൈഎസ്പി സമർപ്പിച്ചിട്ടുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ  സുധീർ കുമാറിനെതിരെ വൈകിട്ടോടെ നടപടിയുണ്ടാകുമെന്നാണ് സൂചന.
   

click me!