
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ 'എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം' എന്ന പരാമർശത്തിൽ തിരുത്തുമായി ഡി സി സി അധ്യക്ഷനും കൊച്ചിയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന നിലയിലുള്ള പ്രതികരണത്തിലാണ് ഷിയാസ് ഇപ്പോൾ തിരുത്ത് വരുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും കൈക്കൊള്ളട്ടെ എന്നാണ് ഷിയാസ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ഇനി അനാവശ്യ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്. തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' എന്ന ഷിയാസിന്‍റെ പരാമർശം പാർട്ടിക്കുള്ളിലും യു ഡി എഫിനുള്ളിലും വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ അതൃപ്തി തുടരുകയാണ്. ഷിയാസിന്‍റെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. അത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇപ്പോഴെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാറും പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടാകില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. മുഖ്യമന്ത്രി പരാമർശത്തിൽ ഡി സി സി പ്രസിഡന്‍റിനെ തള്ളി കെ ബാബുവും രംഗത്തെത്തി. എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണം എന്നല്ല, കോൺഗ്രസിന് ഒരു മുഖ്യമന്ത്രി വേണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; മുഖ്യന്ത്രിയെ തീരുമാനിക്കാന്‍ നടപ്പ് രീതികളുണ്ടെന്നും കെ ബാബു പറഞ്ഞു. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിന്റെ പ്രതികരണം വ്യക്തിപരമെന്ന് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചു. കേരളത്തിന്റെ പുതിയ സാഹചര്യത്തിന് പറ്റിയ ഒരു മുഖ്യമന്ത്രിയെ ഹൈകമാൻഡ് തീരുമാനിക്കും. എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റും യു ഡി എഫ് നേടുമെന്നും ഡൊമനിക് പ്രസന്റേഷൻ അവകാശപ്പെട്ടു. അതേസമയം സോഷ്യൽ മീഡിയയിൽ സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അർഹൻ എന്ന് യു ഡി എഫ് പ്രവർത്തകർ വ്യാപകമായി പോസ്റ്റിടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam