
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനകൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. എന്നാൽ അതേ സമയം കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും കുറയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 73,000 വരെ പ്രതിദിന കൊവിഡ് ടെസ്റ്റുകൾ നടന്നിടത്ത് ഇപ്പോൾ 50,000 ത്തോളം ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത്. രോഗവ്യാപനതോത് അറിയാൻ ടെസ്റ്റുകൾ നിർണായകമാണെന്നിരിക്കെ ടെസ്റ്റുകളുടെ എണ്ണം കുറയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ സംസ്ഥാനം കൊവിഡ് ടെസ്റ്റുകൾ കുറച്ചിട്ടില്ലെന്നാണ് സാമൂഹിക സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തന്നെയാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായാണ് കിയോസ്കുകൾ സ്ഥാപിക്കാനടക്കം തീരുമാനമെടുത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റുകളിൽ 70 ശതമാനം സർക്കാർ വിഭാഗത്തിലും 30 ശതമാനം പ്രൈവറ്റ് വിഭാഗത്തിലുമാണ് നടക്കുന്നത്. പ്രൈവറ്റ് വിഭാഗത്തിലെ 30 ശതമാനം ടെസ്റ്റുകളിൽ പോസിറ്റിവായ കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ നെഗറ്റീവായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലേയെന്ന് സംശയിക്കുന്നു. ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെക്നിക്കൽ പ്രശ്നങ്ങളാണെന്നാണ് കരുതുന്നത്. സംസ്ഥാനം ടെസ്റ്റുകൾ കുറക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഡോ. മുഹമ്മദ് അഷീൽ ആവർത്തിച്ച് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam