
കൊച്ചി: കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയിലെ 14 മണ്ഡലങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷിയാസ്, നേതാവ് ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അറിയിച്ചു. വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളി ഉയർത്തിയ വിഷയങ്ങളും പരിഹരിക്കാനാകുമെന്നും ഷിയാസ് പറഞ്ഞു. വൈപ്പിൻ സീറ്റിനെ ചൊല്ലിയുള്ള വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യ പ്രതികരണം ശരിയല്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ദീപ്തി മേരി വർഗീസിനെ വെട്ടിയാണ് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്ന് കെ സി വേണുഗോപാൽ നിലപാടെടുത്തെങ്കിലും മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശന്‍റെ വാദമാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. 'സർവ്വം ദീപ്തം' എന്ന പേരിൽ ദീപ്തി പോസ്റ്ററുകൾ അടിച്ചത് പോലും വെറുതെയായി. സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിനാൽ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam