ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ് അന്വേഷിക്കാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ്

By Web TeamFirst Published Jan 22, 2020, 12:33 PM IST
Highlights

നടപടി ക്രമം അനുസരിച്ചു നിലവിലെ സാഹചര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ല. അന്വേഷണ അനുമതി ലഭിച്ച കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ എന്നും എൻഫോഴ്‌സ്‌മെന്‍റ്  വിഭാഗം.
 

കൊച്ചി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 18 ലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന്  അറിയിക്കണമെന്നും  കോടതി പറഞ്ഞു.

ഇബ്രാഹിം കു‍ഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള  അപേക്ഷ ഗവർണറുടെ പരിഗണയില്‍ ആണെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ പറഞ്ഞു. നടപടി ക്രമം അനുസരിച്ച്, നിലവിലെ സാഹചര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന്  എൻഫോഴ്‌സ്‌മെന്റ് വിഭാഗം  കോടതിയെ അറിയിച്ചു.  അന്വേഷണ അനുമതി ലഭിച്ച് കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ എന്നും എൻഫോഴ്‌സ്‌മെന്‍റ് പറഞ്ഞു. 

നോട്ടുനിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. ഇത് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതിയില്‍ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ്, സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനാലാണ് നിലവില്‍ അന്വേഷണത്തിന് സാധിക്കില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചിരിക്കുന്നത്. 

Read Also: ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ്; അന്വേഷണത്തിന് സര്‍ക്കാരിനോട് അനുമതി തേടി

click me!