വയനാട്ടില്‍ കുരങ്ങുപനി; ലോക്ഡൗൺ മോഡല്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം

By Web TeamFirst Published May 2, 2020, 9:05 AM IST
Highlights

മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ  28 പേർക്കാണ്  ഈവര്‍ഷം കുരങ്ങുപനി ബാധിച്ചത്. ഇതില്‍ നാല് പേർ മരിച്ചു. 

വയനാട്: വയനാട്ടില്‍ കുരങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക്ഡൗൺ മോഡല്‍ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലുള്ളവർക്കുമാത്രമാണ് ഇത്തവണ കരുങ്ങു രോഗം ബാധിച്ചത്. ഈ മേഖലകളില്‍ സ്പെഷ്യല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.

മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ  28 പേർക്കാണ്  ഈവര്‍ഷം കുരങ്ങുപനി ബാധിച്ചത്. എല്ലാവരും ആദിവാസികളാണ്. ഇതില്‍ നാല് പേർ മരിച്ചു. ഒരാൾ ചികിത്സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേർക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രദേശത്തുള്ളവർ വിറക് തേന്‍ മുതലായവ ശേഖരിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും കാടിനകത്തേക്ക് പോകുന്നുണ്ട്. ഇങ്ങനെ പോയവർക്കാണ് ഈ വർഷം രോഗം കൂടുതലായും ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ഈ മേഖലകളില്‍ ആളുകളെ ഒരുതരത്തിലും കാടിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതെ ലോക്ഡൗൺ മോഡല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം.

പ്രദേശത്തെ വീടുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ടെത്തിച്ചു നല്‍കും. കാടിനോട് ചേർന്ന മേഖലകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കാടതിർത്തികളില്‍ പോലീസിനെയും വിന്യസിക്കും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ രോഗബാധയുടെ തോത് അപകടകരമാം വിധം വർദ്ധിക്കുകയാണെന്ന വിലയിരുത്തലിലാണ് ഈ നടപടികള്‍.

click me!