കുരങ്ങുപനി; വയനാട്ടിൽ മരണം മൂന്നായി; രോ​ഗപ്രതിരോധനടപടികൾ ഊർജിതമാക്കി ജില്ലാഭരണകൂടം

By Web TeamFirst Published Apr 30, 2020, 3:49 PM IST
Highlights

ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് കുരങ്ങുപനി ഉണ്ടെന്നും സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.

വയനാട്: വയനാട് ജില്ലയിൽ കുരങ്ങുപനി ബാധിച്ച് മൂന്നു പേർ മരിച്ചതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് കുരങ്ങുപനി ഉണ്ടെന്നും സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.

കഴിഞ്ഞ ദിവസം മരിച്ച തിരുനെല്ലി ബേ​ഗൂർ കാളികൊല്ലി കോളനിയിലെ കേളുവിന്റെ മരണം കുരങ്ങുപനിയെത്തുടർന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മൂന്നു പേർ രോ​ഗം ബാധിച്ച് മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം വന്നത്.

വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവർത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയെന്നും ജില്ലാകളക്ടർ പറഞ്ഞു. കളക്ടർ വിളിച്ച അടിയന്തര യോഗത്തില്‍ സാഹചര്യം ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. പ്രതിരോധ നടപടികള്‍ക്കായി മാനന്തവാടി സബ്കളക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറക്കും. 

വിറകിനായും കാലികളെ മേയ്ക്കാനും കാട്ടിനകത്തേക്ക് പോകാന്‍ രോഗബാധിത മേഖലയിലുള്ളവരെ അനുവദിക്കില്ല. പകരം പ്രദേശത്തെ ആദിവാസി കോളനികളില്‍ വിറകും ഭക്ഷണവും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമടക്കം എത്തിച്ചു നല്‍കും. സുല്‍ത്താന്‍ ബത്തേരിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ലാബ് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വീണ്ടും പ്രവർത്തനം തുടങ്ങാനാണ് ആലോചന. ഐസിഎംആറിന്റെ അനുമതി തേടിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. അനുമതി ലഭിച്ചാല്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ഇവിടെ പരിശോധിച്ച് വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനാകും.

Read Also: കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു...



 

click me!