
ദില്ലി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന്‍ അപേക്ഷയില്‍ പറഞ്ഞു. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
മോൻസന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജം
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോർട്ട്.
മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയപരിശോധന നടത്തിയാണ് പുരാവസ്തുവകുപ്പ് റിപ്പോട്ട് തയ്യാറാക്കിയത്.
Also Read: മോൻസന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്
Also Read: മോൻസൻ മാവുങ്കല്‍ കേസ്; പൊലീസിനെതിരെ ഇ ഡി, ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി