
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും (Loknath Behra) ഐജി ലക്ഷ്മണയുടെയും (IG Lakshmana) മൊഴിയെടുത്തു. എഡിജിപി ശ്രീജിത്താണ് (ADGP Sreejith) ഇരുവരുടെയും മൊഴിയെടുത്തത്. മോൻസനുമായി അടുത്ത ബന്ധമാണ് മുൻ പൊലീസ് മേധാവിക്കുണ്ടായിരുന്നത്. മോൻസന്റെ കേസുകൾ അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.
മോൻസൻ മാവുങ്കിലിന്‍റെ ചേർത്തലയിലെയും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പൊലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു, കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മുൻ ഡിജിപിയിൽ നിന്ന് ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് തേടിയത്. ലോക്നാഥ് ബെഹ്റയ്ക്ക് മോൻസനുമായുള്ള അടുപ്പത്തെക്കുറിചാചായിരുന്നു മൊഴി എടുത്തത്. ലോക്നാഥ് ബെഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും സംഘം വിവരങ്ങൾ തേടി. മ്യൂസിയം സന്ദർശിച്ചതിന് പിറകെ ഹെഡ് ക്വാട്ടർ എഡിജിപി ആയ മനോജ് എബ്രഹാം അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകാനിടയായ സാഹചര്യത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. ലോക്നാഥ ബഹ്റ ആവശ്യപ്പെട്ടതനുസരിച്ചാണ് മ്യൂസിയത്തിൽ പോയതെന്നാണ് മനോജ് എബ്രഹാം നൽകിയ മറുപടി.
മോൻസനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഐജി ജി ലക്ഷമണയുടെ മൊഴിയും രേഖപ്പെടുത്തി. ഐജി മോൻസന്റെറെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നുവെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസൻ കേസിൽ സംസ്ഥാന പോലീസ് മേധാവി നാളെയാണ് ഹൈക്കോടതി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകേണ്ടത്. ഇതിന് മുന്നോടിയായാണ് മൊഴികളെടുത്തത്.
ഇതിനിടെ മോൻസന്‍റെ ചികിത്സാ കേന്ദ്രം തട്ടിപ്പ് സ്ഥാപനമായിരുന്നുവെന്ന് സ്ഥാപനത്തിൽ ജോലി ചെയ്ത ജീവനക്കാരൻ ജെയ്സൻ വെളിപ്പെടുത്തി. ഡ്രൈവറായ താൻ അടക്കമാണ് വിദഗ്ധ ചികിത്സ നൽകിയതെന്നാണ് വെളിപ്പെടുത്തൽ. മോൻസന്‍റെ ജീവനക്കാരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam