
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൺസണ്‍ മാവുങ്കലിനെ (Monson Mavunkal) സഹായിച്ചതിൽ നടപടി നേരിടുന്ന ഐജി ലക്ഷ്മണന്‍റെ (IG Lakshmana) സസ്പെൻഷൻ പരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു.ഇത് സംബന്ധിച്ച ഉത്തരവിൽ ഐജി ലക്ഷ്മണ്‍ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എന്ന രേഖപ്പെടുത്തിയതും അബദ്ധമായി.തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണനെ പ്രതി ചേർക്കാൻ ഇതെ വരെയുള്ള അന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിക്കും.
മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്. ഈ സസ്പെൻഷൻ നടപടി പരിശോധിക്കാനാണ് സമിതി. തട്ടിപ്പ് കേസിൽ ഉന്നതഉദ്യോഗസ്ഥന് മോണ്‍സണുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. തട്ടിപ്പ് കേസിൽ പ്രതിചേർക്കാൻ ഇതെവരെതെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളിൽ സസ്പെന്‍റ് ചെയ്ത് കഴിഞ്ഞാൽ വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി ആറ് മാസമെങ്കിലും കഴിയാതെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാറില്ല. വകുപ്പുതല അന്വേഷണം പോലും ഇതേ വരെ തുടങ്ങിയിട്ടില്ല. ആരോപണങ്ങൾക്ക് ലക്ഷ്മണ്‍ മറുപടി നൽകുക മാത്രമാണ് ചെയ്തത്. സസ്പെന്‍റ് ചെയ്യപ്പെട്ട് അറുപത് ദിവസത്തിനകം സമിതി ചേർന്ന് പരിശോധന നടത്തിയ ശേഷമേ സസ്പെൻഷനിൽ തുടർ തീരുമാനം എടുക്കാൻ കഴിയുവെന്നും അതിനുവേണ്ടിയാണ് സമിതിയെ ചുമതലപ്പെടുത്തിയതെന്നുമാണ് സർക്കാർ പറയുന്നത്.
നാളെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി യോഗം ചേരും. എന്നാൽ ഉന്നത ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ പുനപരിശോധനയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിൽ വൻ അബദ്ധങ്ങളാണ് കടന്നുകൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണനെ ഐഎഫ്എസ് ഉദ്യോഗസ്ഥനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഈ ഉത്തരവിന്‍റെ പകർപ്പ് നൽകേണ്ടത് പേഴ്സണൽ മന്ത്രാലയത്തിനാണ്.എന്നാൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനാണ് പകർപ്പ് വച്ചിരിക്കുന്നത്.അബദ്ധം പുറത്തായതോടെ ഉത്തരവ് മാറ്റിയിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam