'ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, ഇനി സ്വപ്നയ്ക്ക് പഴയ ജോലി നൽകണം', പരിഹസിച്ച് ചെന്നിത്തല

By Web TeamFirst Published Jan 5, 2022, 11:20 AM IST
Highlights

രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ഇനി കേസ് പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴിൽ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു.

ചെന്നിത്തലയുടെ വാർത്താക്കുറിപ്പിങ്ങനെ:

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.

ഇത് വഴി എന്തു സന്ദേശമാണ് നല്‍കുന്നത്?  രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?

സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്‍റെ സസ്‌പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്‍റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. 

ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.  

ശിവശങ്കറിന്‍റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് കഴിഞ്ഞ ഒന്നര വർഷമായി ശിവശങ്കർ സസ്പെൻഷനിലായത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16-നായിരുന്നു സസ്പെൻഷൻ. 

click me!