
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 9 വരെയാണ് മോൻസനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. അതിനിടെ, മോൻസൻ മാവുങ്കലിൻ്റെ മ്യൂസിയത്തിലെ വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശിൽപ്പി സുരേഷ് നിർമിച്ച് നൽകിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
മോൻസൻ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഗ്രഹങ്ങൾ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അർധരാത്രിയോടെ കലൂരിലെ മ്യൂസിയത്തിലെത്തിയത്. കൂടെ ലോറി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ 9 വിഗ്രഹങ്ങളും ശിൽപ്പങ്ങളും സുരേഷ് നിർമിച്ച് മോൻസന് നൽകിയിട്ടുണ്ട്. 80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്‍റെ പരാതി.
കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതൽ എന്ന നിലയിൽ മ്യൂസിയത്തിൽ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിൻ്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണൻ്റെ ശിൽപ്പം തുടങ്ങിയ ഇതിലുൾപ്പെടും. മോൻസന് നല്‍കിയവിൽ ഒരു സിംഹത്തിൻ്റെ ശിൽപ്പമാണ് കാണാനില്ലാത്തത്. ഇത് മോൻസൻ ആർക്കെങ്കിലും കൈമാറിയട്ടുണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത വസ്തുക്കൾ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam