കാലവർഷക്കെടുതിയും ഇഎസ്എ ആശങ്കയും മന്ത്രിമാരുടെ വിദേശയാത്രയും, സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Published : Sep 22, 2026, 05:47 PM IST
Thalassery Archbishop Mar Joseph Pamplany

Synopsis

കാലവർഷക്കെടുതി, ഇഎസ്എ വിഷയങ്ങളിൽ സർക്കാരിൽ നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കാതെയാണ് മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു

കണ്ണൂർ: കാലവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂർത്തിയാക്കാൻ വൈകുകയാണ്. റോഡുകളെല്ലാം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. ജനങ്ങൾ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങളിൽ ഉടനടി പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ഇ എസ് എയിൽ ആശങ്ക

പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇ എസ് എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്നും ബിഷപ്പ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സർക്കാരുകൾ പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകാനാകില്ലെന്നും സമരം ചെയ്യാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇ എസ് എ വിഷയത്തിൽ ശക്തമായ സമരത്തിലേക്ക് ഇറങ്ങാൻ ജനങ്ങൾ നിർബന്ധിതരാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിന് മുന്നിൽ കൃത്യമായ പഠന റിപ്പോർട്ടുകൾ സമർപ്പിച്ച് സത്യം ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ വിദേശയാത്ര

മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, മുൻപുള്ള എല്ലാ മന്ത്രിസഭയിലെ മന്ത്രിമാരും വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിദേശയാത്ര നടത്തുന്നു എന്നതിലല്ല, ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ തിരിച്ചറിയുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. എല്ലാ കാര്യങ്ങളും പൊതുസമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഭരണത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്താനും ബന്ധപ്പെട്ടവർ അത് തിരുത്തിക്കാനും തയ്യാറാകണമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി ഷാജിയുടെ വാദം പൊളിയുന്നു; വിവാദ റെഞ്ച് റോവറിന് പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടില്ല
തിരുവോണം ബമ്പറിന് ശരവേഗം, 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം, നറുക്കെടുപ്പിന് 4 നാൾ, ആരാകും 30 കോടിയുടെ ഭാഗ്യശാലി!