
ഇടുക്കി: കേരളത്തിന്‍റെ തനത് മൂട്ടിപ്പഴം വിപണിയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇടുക്കി വണ്ണപ്പുറം സ്വദേശി ബേബി. വനാന്തരങ്ങളിൽ മാത്രം വിളഞ്ഞിരുന്ന മൂട്ടിപ്പഴം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കർഷകൻ. പശ്ചിമഘട്ടത്തെ സമ്പന്നമാക്കുന്ന മൂട്ടിപ്പഴം വണ്ണപ്പുറത്തെ ബേബിയുടെ പുരയിടത്തിൽ വിളഞ്ഞ് നിൽക്കുകയാണ്.
രുചിയിൽ ഏറെക്കുറെ റമ്പൂട്ടാനോട് സമമാണ് മൂട്ടിപ്പഴത്തിനും. എന്നാൽ ഔഷധ ഗുണം കൂടുതലാണെന്നാണ് പറയപ്പെടുന്നത്. വനത്തിൽ വ്യാപകമായുള്ള ഈ മരത്തിന്‍റെ തൈ 30 വർഷങ്ങൾക്ക് മുമ്പ് ഒരു ആദിവാസിയിൽ നിന്നാണ് ബേബിയ്ക്ക് കിട്ടുന്നത്. വിപണി സാധ്യത തിരിച്ചറിഞ്ഞതോടെ ഏതാനും വർഷം മുമ്പ് കൃഷി വിപുലപ്പെടുത്തുകയായിരുന്നു.
മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി തടിയിലാണ് പഴം കായ്ക്കുന്നത്. കേരളത്തിലെ ഏത് മണ്ണിലും പിടിയ്ക്കുന്ന മൂട്ടിപ്പഴത്തിന്‍റെ തൈ നട്ടാൽ നാലാം വർഷം കായ്ക്കുമെന്ന് ബേബി ഉറപ്പ് പറയുന്നു. ബക്കോറിയ കോർട്ടലൻസിസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മൂട്ടിപ്പഴത്തിന്‍റെ ജന്മദേശം പശ്ചിമഘട്ട മലനിരകളാണ്.
വളർച്ചയെത്തിയാൽ ഒരു മരത്തിൽ നിന്ന് 50 കിലോയോളം പഴം ലഭിക്കും. കിലോയ്ക്ക് 150 രൂപയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്. മൂട്ടിപ്പഴത്തെ കുറിച്ച് കേട്ടറിഞ്ഞ് കൃഷിമന്ത്രി കഴിഞ്ഞ ദിവസം ബേബിയുടെ വീട്ടിലെത്തിയിരുന്നു. മൂട്ടിപ്പഴ കൃഷിയുടെ പ്രോത്സാഹനത്തിനായി സർക്കാർ ഇടപെടുമെന്ന് ഉറപ്പ് നൽകിയാണ് വി എസ് സുനിൽകുമാർ മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam