നവകേരള നിര്‍മ്മാണം; സഹായ വാഗ്‍ദാനവുമായി കൂടുതൽ ഏജൻസികൾ

By Web TeamFirst Published Jul 16, 2019, 6:58 AM IST
Highlights

നവകേരള നിർമ്മാണത്തിനായുളള 31,000 കോടി സമാഹരിക്കാനാണ് സർക്കാർ വീണ്ടും വിദേശ ഏജൻസികളുടെ സഹായം തേടിയത്.

തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിന് സഹായ വാഗ്‍ദാനവുമായി കൂടുതൽ ഏജൻസികൾ. ലോകബാങ്കും എഡിബിയും അടക്കമുളള ഏജൻസികളാണ് തിരുവനന്തപുരത്ത് നടന്ന വികസനപങ്കാളിത്ത സമ്മേളനത്തിൽ സഹായം ഉറപ്പ് നൽകിയത്. എന്നാൽ സമ്മേളനത്തിൽ എത്രത്തോളം ധനസമാഹരണം സാധ്യമായെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. 

നവകേരള നിർമ്മാണത്തിനായുളള 31,000 കോടി സമാഹരിക്കാനാണ് സർക്കാർ വീണ്ടും വിദേശ ഏജൻസികളുടെ സഹായം തേടിയത്. ലോകബാങ്ക്, എഡിബി, ജർമ്മൻ ബാങ്കായ കെഎഫ്‍ഡബ്ല്യു, ജാപ്പനീസ് ഏജൻസിയായ ജെയ്ക, ഫ്രഞ്ച് ഡെവലപ്‌മെന്‍റ് ഏജൻസി തുടങ്ങി നിരവധി ഏജൻസികൾ ഫണ്ട് വാഗ്ദാനം ചെയ്തു. 

ബിൽ ആന്‍റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ടാറ്റ ട്രസ്റ്റ്, ഐഎഫ്ഡിസി ഫൗണ്ടേഷൻ എന്നിവർ പ്രത്യകം തീരുമാനിക്കുന്ന പദ്ധതികൾക്ക് പണം മുടക്കും. നഗരങ്ങളിലെ ജനവിതരണ, റോഡ് പദ്ധതികൾക്ക് ഹഡ്കോയും നബാർഡും സഹായം നൽകും, ലോകബാങ്കിന്‍റെ വികസന പങ്കാളിയായി സമ്മേളനത്തിൽ കേരളത്തെ പ്രഖ്യാപിച്ചു. 
 
പൂർണ തോതിലുളള ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്‍റ് സംവിധാനം സ്ഥാപിക്കലാണ് പ്രധാന ലക്ഷ്യം. ഗതാഗതമേഖലയുടെ നവീകരണത്തിന് ടെക്നിക്കൽ ഡയറക്ടറേറ്റും ഗ്രീൻ ബസ് കോറിഡോറും സ്ഥാപിക്കും. കുട്ടനാട്ടിലും തൃശൂര്‍ കോൾ മേഖലയിലും വെളളപ്പൊക്ക നിയന്ത്രണ പദ്ധതി നടപ്പാക്കും. ഡാമുകളുടെ അറ്റകുറ്റപ്പണിക്കും മണൽ നീക്കാനും പണം ചെലവഴിക്കും. ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ച ഫണ്ട് കിട്ടാഞ്ഞ പശ്ചാത്തലത്തിലാണ് സർക്കാർ ധനസമാഹരണത്തിനായി പ്രത്യേക കോൺക്ലേവ് സംഘടിപ്പിച്ചത്.

click me!