
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍റെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം നേതാവ് എംവി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭാധ്യക്ഷയുമായ പി.കെ.ശ്യാമളക്കെതിരെ കൂടുതല്‍ പരാതികള്‍. കണ്ണൂര്‍ വെള്ളിക്കീൽ പാർക്കിലെ ഇക്കോ ടൂറിസം പദ്ധതി ശ്യാമള തകർത്തെന്ന ആരോപണവുമായി ഒരു വനിതാ സംരംഭകയാണ് രംഗത്തെത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പിന്റെ ശുപാർശയും അംഗീകാരവും ലഭിച്ചിട്ടും ആന്തൂര്‍ നഗരസഭ അനുമതി നൽകാത്തതിനാൽ തന്‍റെ ഇക്കോ ടൂറിസം പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതായി കണ്ണൂര്‍ സ്വദേശിനി സുഗില ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 2014-ലാണ് സുഗില ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ധാരണയാവുന്നത്.
71,000 രൂപ മാസവാടകയ്ക്ക് 3 വർഷത്തെ കരാറില്‍ ഇതിനായി സുഗില ഒപ്പിട്ടു. പദ്ധതിയുടെ ഭാഗമായി അന്ന് തുടങ്ങിയ ആറ് കിയോസ്കുകള്‍ പക്ഷേ ഇന്ന് പൂട്ടിക്കിടക്കുകയാണ്. കിയോസ്കുകൾ വാടകക്കെടുക്കാൻ ആളുകളെത്തിയെങ്കിലും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും നഗരസഭ അനുമതി നൽകിയില്ല.
ഇതോടെ ലഭ്യമായ സൗകര്യം വച്ച് സുഗില സംരംഭം ആരംഭിച്ചെങ്കിലും വാടകയ്ക്ക് എത്തിയവരെ പദ്ധതി അനധികൃതമാണെന്ന് കാട്ടി നഗരസഭ തിരിച്ചയച്ചു. ടൂറിസം വകുപ്പിന്റെ ശുപാർശയുടെ പിന്തുണയിൽ നഗരസഭയുടെ അനുമതി പ്രതീക്ഷിച്ച് തുടങ്ങിയ ഫുഡ്കോർട്ടും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നഗരസഭ അടച്ചുപൂട്ടി. അനുമതിക്ക് വേണ്ട രേഖകളെല്ലാം ഹാജരാക്കി പലതവണ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും.
നഗരസഭാ അധ്യക്ഷയായ ടീച്ചറെ കാണണമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ മറുപടി.
ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല എന്ന രീതിയിലാണ് ടീച്ചര്‍ സംസാരിച്ചത്. പ്രശ്നം പരിഹരിക്കാന്‍ സ്ഥലത്തെ പാര്‍ട്ടിക്കാരെ വച്ച് ചര്‍ച്ച നടത്തിയെങ്കിലും എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവരുടെ പരാതി. പിരിവായി ചോദിച്ച 10,000 രൂപ കൊടുക്കാത്തതായിരുന്നു പ്രശ്നം. നേരത്തെ പൈസ കൊടുത്തിരുന്നുവെന്നും ഇപ്പോ തല്‍കാലം 3000 രൂപ കൊടുക്കാമെന്നും പറഞ്ഞെങ്കിലും അത് അവര്‍ക്ക് കൂടുതല്‍ പ്രശ്നമായി. ടീച്ചര്‍ പൈസ വാങ്ങുന്നുവെന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വന്നെന്നും അതിന് കാരണം ഞാനാണെന്നും ആയി ആരോപണം - സുഗില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്നോടുള്ള എതിർപ്പൊഴിവാക്കാൻ കഴിഞ്ഞ വർഷം സംരംഭം നടത്തിപ്പ് അനുമതി സുഗില ഭർത്താവ് വിനോദിന്റെ പേരിലാക്കിയെങ്കിലും ഇതുവരെ നഗരസഭ ഇതിന് അനുമതി നൽകിയിട്ടില്ല. വാടക നൽകാനാകാതെയും വരുമാനം നിലച്ചും വായ്പകളും ചേർന്ന് അരക്കോടി രൂപയോളമാണ് സുഗിലയുടെ ഇതുവരെയുള്ള നഷ്ടം. എല്ലാ വഴികളുമടഞ്ഞ് പാടെ ഉപേക്ഷിക്കേണ്ട നിലയിലാണ് ഇപ്പോൾ സുഗിലയുടെ സ്വപ്ന പദ്ധതി. അതേസമയം കെട്ടിട്ടങ്ങളും മറ്റുനിര്‍മ്മാണങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചു നല്‍കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷയായ തനിക്ക് യാതൊരു അധികാരവുമില്ലെന്നും പികെ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam