മഹാനിഘണ്ടു എഡിറ്ററുടെ നിയമനം: ആരോപണങ്ങൾ ശക്തമാക്കുന്ന രേഖകൾ പുറത്ത്

Published : Jul 14, 2021, 02:49 PM IST
മഹാനിഘണ്ടു എഡിറ്ററുടെ നിയമനം: ആരോപണങ്ങൾ ശക്തമാക്കുന്ന രേഖകൾ പുറത്ത്

Synopsis

 സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിന് വഴിയൊരുക്കിയത്. 

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്ററായുള്ള ഡോ.പൂർണിമാ മോഹൻറെ നിയമനത്തിൽ ആക്ഷേപങ്ങൾ ബലപ്പെടുത്തുന്ന രേഖകൾ പുറത്ത്. സർവകലാശാല ഓർഡിനൻസിലെ അടിസ്ഥാന യോഗ്യത തിരുത്താൻ വൈസ് ചാൻസലറാണ് നിർദ്ദേശം നൽകിയത്. ഓർഡിനൻസ് മറികടന്ന് വിജ്ഞാപനമിറക്കിയ മുൻ രജിസ്ട്രാർ തന്നെ പൂർണ്ണിമയെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിലും അംഗമായി. വിവാദ നിയമനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ.മോഹനൻറെ ഭാര്യ പൂർണ്ണിമാ മോഹനെ മലയാളം മഹാനിഘണ്ടു വിഭാഗം എഡിറ്ററായി നിയമിച്ചതിൽ ചട്ടലംഘനമുണ്ടെന്നായിരുന്നു ആക്ഷേപം. ഇത് ശരിവയ്ക്കുന്ന രേഖകളും വിവരങ്ങളുമാണ് പരാതി ഉന്നയിച്ച സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടത്. എഡിറ്റർ തസ്തികയിൽ മലയാളത്തിൽ ബിരുദമായിരുന്നു സർവ്വകലാശാല ഓ‍ർഡിനൻസ് പ്രകാരം യോഗ്യത. എന്നാൽ നിയമനത്തിനായുള്ള വിജ്ഞാപനത്തിൽ സംസ്കൃതം പിഎച്ച്ഡിയും കൂട്ടി ചേർത്തു. 

2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ അജണ്ടയായി ഉൾപ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാൻ തീരുമാനിച്ചത്. സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിന് വഴിയൊരുക്കിയത്. സംസ്കൃതം പ്രൊഫസർമാർക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കി യോഗ്യതകൾ കൂട്ടിചേർത്തത് മുൻ രജസ്ട്രാർ ഡോ.സിആർ പ്രസാദായിരുന്നു. ഇത് ഓർ‍ഡിനൻസ് മറികടന്നെന്നാണ് പരാതി. വിജ്ഞാപനം പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചോ എന്നതിലും സർവ്വകലാശാല വ്യക്തത വരുത്തുന്നില്ല.

പൂർണ്ണിമാ മോഹനെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിൽ എഡിറ്റർ തസ്തികക്കുള്ള യോഗ്യത പരിഷ്ക്കരിച്ച സി.ആർ പ്രസാദ് ഉൾപ്പെട്ടതാണ് കള്ളക്കളി നടന്നുവെന്ന ആക്ഷേപങ്ങൾ ബലപ്പെടുത്തുന്നത്. നിലവിലെ ചട്ടങ്ങൾ മറികടക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്. മലയാളം മഹാനിഘണ്ടും എഡിറ്റർ നിയമനവുമായി ബന്ധപെട്ട പരാതികളിൽ ഗവർണറും വിസിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവ‍ർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ്
തലസ്ഥാന നഗരിയുടെ വികസനം: ബൃഹദ് മാർഗരേഖയുമായി മോദി, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും